കാനഡയിലെ ടൊറൻ്റോയിൽ, ഹൈവേ 427-ൽ യാത്ര ചെയ്യുകയായിരുന്ന 18-കാരനായ ഐഡൻ കൂ എന്ന യുവാവിൻ്റെ കാറിൽ ആകാശത്തുനിന്ന് അജ്ഞാത വസ്തു വീണ് അപകടം. ജൂലൈ 11-ന് വൈകുന്നേരം ഫിഞ്ച് അവന്യൂവിന് സമീപം വടക്കോട്ട് സഞ്ചരിക്കുമ്പോഴാണ് കാറിൻ്റെ മുൻ ബമ്പറിലേക്ക് ലോഹസമാനമായൊരു വസ്തു പതിച്ചത്. സംഭവത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിൻ്റെ ബമ്പറിന് കേടുപാടുകൾ സംഭവിച്ചു.
ഐഡൻ കൂവിൻ്റെ വാഹനത്തിലുണ്ടായിരുന്ന ഡാഷ്‌ക്യാമിൽ ഈ സംഭവം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയ്ക്ക് സമീപമുള്ള പ്രദേശത്താണ് ഈ സംഭവം നടന്നത്. തിരക്കേറിയ ഹൈവേയായതിനാൽ വാഹനം നിർത്തി റോഡിൽ വീണ വസ്തു ശേഖരിക്കാൻ സാധിച്ചില്ലെന്ന് ഡ്രൈവർ വ്യക്തമാക്കി. വിമാനത്തിൽ നിന്നുള്ള ഭാഗമാണോ അതോ ഉപഗ്രഹ അവശിഷ്ടമാണോ ഇതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
സംഭവദിവസം വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് അസാധാരണമായ യാതൊരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കനേഡിയൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പ്രചരിക്കുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങൾ പരിശോധിച്ച ശാസ്ത്ര നിരീക്ഷകരും യുഎഫ്‌ഒ ഗവേഷകരും ഇതൊരു നിഗൂഢമായ സംഭവമാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. തൻ്റെ കാറിന് കേടുപാടുണ്ടാക്കിയ വസ്തു എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഐഡൻ കൂ.