പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഏജന്റിന്റെ വെടിവെപ്പില്‍ ലോറെന്‍സോ സല്‍ഗാഡോ അരാവുജോ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണില്‍ സമ്പൂര്‍ണ്ണ ഹര്‍ത്താലിനും പ്രതിഷേധ പരിപാടികള്‍ക്കും (Day of Action) വിവിധ സമുദായ-സാമൂഹിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടുക, അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുക, ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉടന്‍ മോചിപ്പിക്കുക, ഹൂസ്റ്റണ്‍ പോലീസും ഐ.സി.ഇയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
ജൂലൈ 7-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം രക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് ഫെഡറല്‍ ഏജന്‍സിയുടെ വാദമെങ്കിലും, ദൃക്‌സാക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്ന പ്രധാന ദൃക്‌സാക്ഷികളെ നാടുകടത്തുന്നത് ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.