പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും കാരണം ഇന്ത്യക്കാര്‍ക്കിടയില്‍ അമേരിക്കയോടുള്ള അനുകൂല നിലപാടില്‍ വലിയ കുറവുണ്ടായതായി അന്താരാഷ്ട്ര ഗവേഷണ ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോര്‍ട്ട്.
വ്യാപാര തര്‍ക്കങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ശക്തമായ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജനപ്രീതിയില്‍ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം (2025) 54 ശതമാനം ഇന്ത്യക്കാര്‍ അമേരിക്കയെ അനുകൂലിച്ചിരുന്ന സ്ഥാനത്ത്, ഈ വര്‍ഷം അത് 45 ശതമാനമായി ഇടിഞ്ഞു. അതേസമയം, 31 ശതമാനം പേര്‍ അമേരിക്കയോട് പ്രതികൂല നിലപാടാണ് പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്താനുള്ള ട്രംപിന്റെ നയങ്ങളെ വെറും 18 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് പിന്തുണച്ചത്. പിന്നീട് ഈ തീരുവ വര്‍ധനവ് യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ട്രംപിലുള്ള വിശ്വാസ്യത തകര്‍ന്നു: ആഗോള കാര്യങ്ങളില്‍ ട്രംപ് ശരിയായ തീരുമാനങ്ങള്‍ എടുക്കുമെന്ന ഇന്ത്യക്കാരുടെ വിശ്വാസത്തിലും വലിയ വീഴ്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം 52 ശതമാനം പേര്‍ പിന്തുണച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 39 ശതമാനമായി കുറഞ്ഞു. 36 ശതമാനം പേര്‍ ട്രംപില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി.
അനാവശ്യ വിദേശ ഇടപെടലുകള്‍: അമേരിക്ക മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുണ്ടെന്ന് 47 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. 30 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് വിയോജിച്ചത്. ആഗോള ശരാശരിയേക്കാള്‍ മെച്ചം ജനപ്രീതിയില്‍ കുറവുണ്ടായെങ്കിലും, സര്‍വേ നടത്തിയ 36 രാജ്യങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോഴും അമേരിക്കയോട് കൂടുതല്‍ അനുകൂല നിലപാടാണ് പുലര്‍ത്തുന്നത്.
ആഗോളതലത്തില്‍ 57 ശതമാനം പേരും അമേരിക്കയ്ക്ക് എതിരായ അഭിപ്രായം പങ്കുവെച്ചപ്പോള്‍, 37 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. കൂടാതെ, അമേരിക്കന്‍ ഭരണകൂടം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കുന്നുണ്ടെന്ന് 54 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതായി പ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു.