ഇമിഗ്രന്റ്സിന് അവരുടെ മേഖലയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് മാറ്റങ്ങൾ നിർദ്ദേശിച്ച് ഒന്റാരിയോ  

By: 600007 On: Oct 24, 2021, 7:58 PM

അന്താരാഷ്‌ട്ര പരിശീലനം ലഭിച്ച കുടിയേറ്റക്കാർക്ക് അവരുടെ വൈദഗ്ധ്യ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന നിയമനിർമ്മാണം നിർദ്ദേശിച്ച് ഒന്റാരിയോ. പുതിയ നിയമനിർമ്മാണം പാസായാൽ, കനേഡിയൻ കുടിയേറ്റക്കാർക്ക് അവരുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നതിന് നേരിടുന്ന പ്രധാന തടസ്സമായ പ്രൊഫഷണൽ രജിസ്ട്രേഷനും ലൈസൻസിംഗും ലഭിക്കുന്നതിന് കനേഡിയൻ പ്രവൃത്തി പരിചയത്തിന്റെ ആവശ്യകത എന്നത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ആദ്യത്തെ പ്രൊവിൻസ് ആണ് ഒന്റാരിയോ.  പ്രാബല്യത്തിൽ വന്നാൽ, എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, അക്കൗണ്ടന്റുമാർ, ഹെയർസ്റ്റൈലിസ്റ്റുകൾ, അധ്യാപകർ തുടങ്ങിയ ആരോഗ്യേതര നിയന്ത്രിത ജോലികൾക്ക് പുതിയ മാറ്റം ബാധകമാകും.

ആരോഗ്യ മേഖലകളിലെ ജോലികൾക്കും പുതിയ മാറ്റങ്ങൾ ബാധകമാക്കാൻ പ്രവിശ്യാ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഒന്റാരിയോ തൊഴിൽ മന്ത്രാലയം ന്യൂസ് റിലീസിൽ അറിയിച്ചു. പുതിയ മാറ്റം പ്രകാരം, ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് റിസൾട്ട് സമർപ്പിച്ചിട്ടുള്ളവർക്ക് പ്രൊഫഷണൽ ലൈസൻസിംഗിനായി വീണ്ടും ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് പാസാകേണ്ടതില്ല..കൂടാതെ ലൈസൻസിംഗ് പ്രക്രിയ സമയബന്ധിതമായി നടപ്പാക്കാനും പുതിയ നിയമ നിർമാണത്തിൽ നിർദ്ദേശിച്ചിട്ടുണ്ട് . നിലവിൽ, പല തൊഴിൽ മേഖലകളിലും ലൈസൻസ് ലഭിക്കുവാൻ 18 മാസത്തിലധികം സമയമാണ് എടുക്കുന്നത്.