ഫ്‌ലോറിഡയില്‍ ദുരന്തം: അമിതവേഗവും മദ്യലഹരിയും; മകളുടെ മരണത്തില്‍ മുന്‍ പാസ്റ്റര്‍ക്കെതിരെ കേസ്

By: 600002 On: Jul 23, 2026, 8:27 AM



 

പ്രസാദ് തീയാടിക്കല്‍

പാം ബീച്ച് , ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ 8 വയസ്സുള്ള മകളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് മുന്‍ യുവജന പാസ്റ്റര്‍ ജോയല്‍ ലൈനിസ് (38) നെ പൊലീസ് അറസ്റ്റ് ചെയ്തു. DUI Manslaughter (മദ്യലഹരിയില്‍ വാഹനം ഓടിച്ച് മരണത്തിന് കാരണമായത്), Vehicular Homicide എന്നീ ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2026 ജനുവരി 17-ന് പാം ബീച്ച് കൗണ്ടിയിലുണ്ടായ അപകടസമയത്ത്, മണിക്കൂറില്‍ 40 മൈല്‍ മാത്രം വേഗപരിധിയുള്ള റോഡില്‍ 104 മൈല്‍ വേഗത്തിലാണ് ഇയാള്‍ എസ്യുവി ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പെണ്‍മക്കളില്‍ 8 വയസ്സുള്ള സോയ് ലൈനിസ് അപകടത്തില്‍ മരിക്കുകയായിരുന്നു. മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് പരിക്കേറ്റെങ്കിലും അവര്‍ രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ജോയല്‍ ലൈനിസിന് ജാമ്യം അനുവദിച്ചെങ്കിലും, കേസ് തുടരുന്ന കാലയളവില്‍ ജീവിച്ചിരിക്കുന്ന രണ്ട് മക്കളുമായി നേരിട്ട് ബന്ധപ്പെടരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ ഫ്‌ലോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസിന്റെ മേല്‍നോട്ടത്തിലായിരിക്കും.

സംഭവത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ജോയല്‍ ലൈനിസിന്റെ ഭാര്യ സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുടുംബത്തെ തുടര്‍ച്ചയായി വേട്ടയാടിയ ദുരന്തങ്ങള്‍ക്കൊടുവിലാണ് ഈ അപകടവും കേസും ദേശീയ ശ്രദ്ധ നേടിയത്.