ഒൻ്റാരിയോയിൽ വനമേഖലകളെ ചാരമാക്കിക്കൊണ്ട് സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്ന രൂക്ഷമായ കാട്ടുതീ വ്യാപനം തുടരുന്നു. പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീ സീസണിലൂടെയാണ് നിലവിൽ രാജ്യം കടന്നുപോകുന്നതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 7,250 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കാട്ടുതീയിൽ കത്തിയമർന്നതായാണ് പ്രവിശ്യാ അധികൃതർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 2021-ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നാശനഷ്ടത്തിൻ്റെ നിരക്കുകളെയും മറികടക്കുകയാണ് ഇത്തവണത്തെ ദുരന്തം.
കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് കാട്ടുതീ ഇത്രയധികം ആളിപ്പടർന്നതും സാഹചര്യം ഗുരുതരമാക്കിയതും. ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ശരാശരിയേക്കാൾ 15 ഡിഗ്രിയോളം ഉയർന്ന കടുത്ത ചൂടുമാണ് കാട്ടുതീ ദ്രുതഗതിയിൽ വ്യാപിക്കാൻ പ്രധാന കാരണമായത്. തണ്ടർ ബേ മേഖലയ്ക്ക് വടക്കായി പടർന്നുപിടിച്ച കാട്ടുതീ മാത്രം 3,188 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നാശം വിതച്ചത്. പുകപടലങ്ങളും അഗ്നിയും രൂക്ഷമായതോടെ 1,800-ലധികം ആളുകളെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഒഴിപ്പിക്കപ്പെട്ട 13 ജനവാസ മേഖലകളിൽ ഭൂരിഭാഗവും തദ്ദേശീയ ഗോത്രവർഗ്ഗ സമൂഹങ്ങൾ അധിവസിക്കുന്ന ഇടങ്ങളാണ്.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങളാണ് പ്രകൃതിയെ ഇത്രത്തോളം രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പെയ്ത ചില മഴ താൽക്കാലിക ആശ്വാസം നൽകിയെങ്കിലും, പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാനഡിയൻ ഫോറസ്റ്റ് സർവീസിലെ അധികൃതർ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിലും സാധാരണ നിലയേക്കാൾ ചൂടും വരണ്ട അന്തരീക്ഷവും തുടരാൻ സാധ്യതയുള്ളതിനാൽ കാട്ടുതീ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും വനസംരക്ഷണ സേന ഓർമ്മിപ്പിച്ചു.
ഈ വർഷം ആരംഭിച്ചതിനുശേഷം ഇതുവരെ പ്രവിശ്യയിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. പ്രധാനമായും വടക്കൻ ഒൻ്റാരി മേഖലകളിലാണ് കാട്ടുതീ വൻ നാശനഷ്ടം വിതച്ചിരിക്കുന്നത്. നിരവധി താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ പാർപ്പിക്കുകയും മേഖലയിൽ വായു ഗുണനിലവാരം കുറഞ്ഞതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വൻതോതിൽ പുക പടരുന്നത് സമീപ നഗരങ്ങളിലെ സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.