ബ്രാംപ്ടണിൽ വാടക വീടുകളുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ഇന്ത്യൻ സ്വദേശിയായ 27കാരി അറസ്റ്റിൽ

By: 600110 On: Jul 22, 2026, 1:48 PM

 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വാടക വീടുകൾ വാഗ്ദാനം ചെയ്ത് 60,000 ഡോളറിലധികം  തട്ടിയെടുത്ത കേസിൽ കാനഡയിലെ ബ്രാംപ്ടൺ സ്വദേശിയായ യുവതിയെ പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ സ്വദേശിയായ 27 വയസ്സുള്ള സവ്രീത് കൗറിനെതിരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 13-നായിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

2025 മേയ് മാസത്തിനും 2026 ഫെബ്രുവരി മാസത്തിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ബേസ്‌മെന്റ് അപ്പാർട്ടുമെന്റുകൾ അടക്കമുള്ള വസതികൾ വാടകയ്ക്ക് ലഭ്യമാണെന്ന് പ്രതി പരസ്യം നൽകുകയായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട ഇരകളിൽ നിന്ന് ആദ്യത്തെയും അവസാനത്തെയും മാസങ്ങളിലെ അഡ്വാൻസ് തുക വാങ്ങിയ ശേഷമാണ് കരാറുകളിൽ ഒപ്പിട്ടിരുന്നത്. എന്നാൽ മുൻ താമസസ്ഥലങ്ങൾ ഒഴിഞ്ഞ് സാധന സാമഗ്രികളുമായി പുതിയ വീടുകളിലേക്ക് താമസം മാറാൻ എത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇരകൾ അറിയുന്നത്. ഇത്തരത്തിൽ 17 ഓളം സംഭവങ്ങളിലായി വൻ തുക തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ 5,000 ഡോളറിന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പിന് 38 വകുപ്പുകളും, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഒരു വകുപ്പുമടക്കം ആകെ 39 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതിയിൽ ഹാജരാക്കി. സോഷ്യൽ മീഡിയ വഴി വാടക വീടുകൾ തിരയുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പീൽ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.