'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' താരം കെയ്‌ലി ഹോട്ടല്‍ വാഹനാപകടത്തില്‍ മരിച്ചു

By: 600002 On: Jul 22, 2026, 1:31 PM

 

 

പി പി ചെറിയാന്‍

ലോസ് ഏഞ്ചലസ്: ഹോളിവുഡ് ചിത്രം 'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' (Godzilla vs. Kong), 'ഗോഡ്‌സില്ല ഃ കോങ്: ദി ന്യൂ എംപയര്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ യുവനടി കെയ്‌ലി ഹോട്ടല്‍ (18) വാഹനാപകടത്തില്‍ മരിച്ചു. മേരിലാന്‍ഡില്‍ വെച്ചുണ്ടായ കാറപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നടിയുടെ പിതാവ് ജോഷ്വ ഹോട്ടല്‍ അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലൂടെ നടത്തിയ ലൈവ് സ്ട്രീമിലാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ശബ്ദശ്രവണ ശേഷിയില്ലാത്ത കെയ്‌ലി, 2021-ല്‍ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' എന്ന ചിത്രത്തിലെ 'ജിയ' (Jia) എന്ന കഥാപാത്രത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് 2024-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. കേള്‍വിപരിമിതിയുള്ള കലാകാരന്മാര്‍ക്ക് ഹോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കെയ്‌ലി.