ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ വീണ്ടും ആദ്യ പത്തിൽ

By: 600110 On: Jul 22, 2026, 1:25 PM

 

ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ തങ്ങളുടെ മേധാവിത്വം നിലനിർത്തി കാനഡ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൻ്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ ഏഴാം സ്ഥാനം നിലനിർത്തി.

തുടർച്ചയായ മൂന്നാം വർഷമാണ് കാനഡ ഏഴാം സ്ഥാനത്തെത്തുന്നത്. കാനഡ പാസ്‌പോർട്ട് ഉള്ളവർക്ക് ലോകത്തെ 183 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയില്ലാതെ യാത്ര ചെയ്യാം. എന്നാൽ  ഇന്ത്യ, റഷ്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമാണ്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ചെക്ക് റിപ്പബ്ലിക്, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങളും കാനഡയ്ക്കൊപ്പം ഏഴാം സ്ഥാനം പങ്കിടുന്നുണ്ട്. അയൽരാജ്യമായ അമേരിക്കയെക്കാൾ (പത്താം സ്ഥാനം) മുന്നിലാണ് കാനഡയുടെ സ്ഥാനം. 

യുകെ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തുവിട്ട ഈ റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിൽ ഒന്നാമത്. ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം നേടി.  ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ഡാറ്റ അടിസ്ഥാനമാക്കി 199 പാസ്‌പോർട്ടുകളും 227 യാത്രാ കേന്ദ്രങ്ങളും പരിശോധിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.