പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ന്യൂയോര്‍ക്കിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന മുന്‍ വാഗ്ദാനത്തില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് നടപ്പിലാക്കാന്‍ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ നെതന്യാഹു എത്താനിരിക്കെയാണ് മാംദാനിയുടെ പ്രസ്താവന. അതേസമയം, നെതന്യാഹുവിനെ ന്യൂയോര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായ അധികാരമുള്ള ട്രംപ് ഭരണകൂടം അതിന് തയ്യാറാകണമെന്നും മാംദാനി ആവശ്യപ്പെട്ടു.
യു.എസ് ഐ.സി.സിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ല. അതിനാല്‍ ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ ലോക്കല്‍ പോലീസിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.