പ്രസാദ് തീയാടിക്കല്‍
ഡാലസ്: ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ ജനങ്ങള്‍ ഈ ആഴ്ചയുടെ അവസാനം വരെ അതിശക്തമായ ചൂടിനെ നേരിടാന്‍ തയ്യാറാകണമെന്ന് കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദിവസത്തെ ഉയര്‍ന്ന താപനില 101 മുതല്‍ 105 ഡിഗ്രി ഫാരന്‍ഹീറ്റ് (ഏകദേശം 38 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ്) വരെയും, ഈര്‍പ്പത്തിന്റെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന ഹീറ്റ് ഇന്‍ഡെക്‌സ് 112 ഡിഗ്രി ഫാരന്‍ഹീറ്റ് (ഏകദേശം 44 ഡിഗ്രി സെല്‍ഷ്യസ്) വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഉച്ചയ്ക്കും വൈകുന്നേരത്തിനുമിടയിലെ സമയങ്ങളില്‍ അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണമെന്നും, ഇളം നിറത്തിലുള്ള ലഘുവസ്ത്രങ്ങള്‍ ധരിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ അധികൃതര്‍ നിര്‍ദേശിച്ചു. പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ദീര്‍ഘനേരം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാത്രിയിലും താപനില കാര്യമായി കുറയില്ലെന്നാണ് പ്രവചനം. അതിനാല്‍ എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്തവരെയും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെയും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. വാരാവസാനം വരെ ഉത്തര ടെക്‌സസില്‍ ഈ കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.