കാനഡയിൽ വാഹന മോഷണം വൻതോതിൽ വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്

By: 600110 On: Jul 22, 2026, 8:58 AM

 

കാനഡയിൽ വാഹന മോഷണം വൻതോതിൽ വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യം നേരിടുന്ന പ്രധാന പൊതുപ്രശ്നങ്ങളിലൊന്നായി ഇത് മാറിയെന്നും, എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമല്ലെന്ന ഭയത്തിലാണ് ഭൂരിഭാഗം ജനങ്ങളെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പോലും മോഷ്ടിക്കപ്പെടാൻ വലിയ സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും ഭയം. ഏതുസമയത്തും വാഹനം നഷ്ടപ്പെടാമെന്ന അവസ്ഥ ജനങ്ങളുടെ സ്വസ്ഥത കെടുത്തുകയാണ്.

മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും വിദേശങ്ങളിലേക്ക് കടത്തുകയോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു മാഫിയ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പാർക്കിംഗ് ലൈറ്റുകൾ സ്ഥാപിക്കുക, ആന്റി-തെഫ്റ്റ് ലോക്കുകൾ ഉപയോഗിക്കുക തുടങ്ങി വിവിധ പ്രതിരോധ മാർഗ്ഗങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും മോഷണം തടയാൻ സാധിക്കുന്നില്ല. വാഹന മോഷണം കൂടിയതോടെ ഇൻഷുറൻസ് പ്രീമിയം തുകയും കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

മോഷണം തടയാൻ പോലീസും സർക്കാരും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന വലിയ അമർഷവും പ്രതിഷേധവുമാണ് രാജ്യത്തെ വാഹന ഉടമകൾക്കിടയിലുള്ളത്.