കാനഡയിലെ സസ്‌കാച്ചെവനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ഭീഷ്മ രാജ്യഗുരുവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച ഗോഫണ്ട്മീ ക്യാമ്പെയ്നിലൂടെ 80,000 ഡോളറോളം സമാഹരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി റെജീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാനഡയിൽ ഉന്നതപഠനത്തിനെത്തിയ ഭീഷ്മ രാജ്യഗുരുവും, കാനഡയിലെ പ്രശസ്ത ഫുട്ബോൾ താരം ജെയ്ഡൻ ഡാൽകെയും മരിച്ചത്. ഇരുവർക്കും സംഭവസ്ഥലത്തു വച്ചുതന്നെ ജീവൻ നഷ്ടപ്പെട്ടു.
റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപിച്ചാണ് ജെയ്ഡൻ വാഹനം ഓടിച്ചതെന്നും, അപകടത്തിന് അരമണിക്കൂർ മുൻപ് ഒരു പെട്രോൾ പമ്പിൽ നിന്ന് പണം നൽകാതെ ഇയാൾ വാഹനം ഓടിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്ക് പുറമേ, ഭീഷ്മയുടെ വിയോഗത്തോടെ തകർന്ന കുടുംബത്തിന് സാമ്പത്തിക ആശ്വാസമേകാനും ഈ തുക ഉപയോഗിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കൂ. 2022-ലാണ് ഭീഷ്മ ഉപരിപഠനത്തിനായി കാനഡയിലെത്തിയത്. മികച്ചൊരു സംഗീതജ്ഞൻ കൂടിയായിരുന്നു ഇദ്ദേഹം. 22-കാരനായ ഭീഷ്മയുടെ ദാരുണാന്ത്യത്തിൽ സസ്‌കാച്ചെവൻ പ്രീമിയർ സ്കോട്ട് മോ അനുശോചനം രേഖപ്പെടുത്തി.