അമേരിക്കൻ സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയ്ക്ക് ബദലായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കനേഡിയൻ സംരംഭകർ. കനേഡിയൻ സംസ്‌കാരം, സ്വകാര്യത, രാജ്യസ്‌നേഹം എന്നിവയ്ക്ക് മുൻഗണന നൽകുന്ന 'എയ്!' (Eh!), 'ഗാണ്ടർ' (Gander) എന്നീ രണ്ട് ആപ്പുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കൻ ആപ്പുകളെ അമിതമായി ആശ്രയിക്കുന്നതിനെതിരെയും, കനേഡിയൻ സംസ്കാരം സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ പുതിയ തുടക്കം. ബി.സി.യിൽ നിന്നുള്ള ജെസിക്ക ഗ്ലോവാക്കി 'എയ്!' എന്ന ആപ്പും, ഒട്ടാവയിൽ നിന്നുള്ള ബെൻ വാൾഡ്മാൻ 'ഗാണ്ടർ' എന്ന ആപ്പുമാണ് വികസിപ്പിച്ചെടുത്തത്.
'എയ്!' ആപ്പിന് നിലവിൽ 31,000-ത്തിലധിവും'ഗാണ്ടർ' ആപ്പിന് 30,000-ത്തോളവും ഉപയോക്താക്കളുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ കാനഡയിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്ന പ്രത്യേകതയും ഈ ആപ്പുകൾക്കുണ്ട്. വ്യക്തിഗത വിവരങ്ങൾ വിൽക്കില്ലെന്നും ആവശ്യപ്പെട്ടാൽ പൂർണ്ണമായി നീക്കം ചെയ്യുമെന്നും 'ഗാണ്ടർ' ഉറപ്പുനൽകുന്നുണ്ട്. വ്യാജ അക്കൗണ്ടുകളും ബോട്ടുകളും ഒഴിവാക്കാൻ കാനഡ പോസ്റ്റ് അല്ലെങ്കിൽ മറ്റ് ഔദ്യോഗിക ഇമെയിലുകൾ വഴിയാണ് ഗാണ്ടറിൽ അക്കൗണ്ടുകൾ വെരിഫൈ ചെയ്യുന്നത്. കനേഡിയൻ നിയമങ്ങൾക്കും അവകാശങ്ങൾക്കും അനുസൃതമായാണ് ഈ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന രീതികൾ ക്രമീകരിച്ചിരിക്കുന്നത്.
ഗാണ്ടർ ഇതിനകം 25 ലക്ഷം ആളുകളിൽ നിന്നായി 20 ലക്ഷം ഡോളർ ഫണ്ട് സമാഹരിച്ചു കഴിഞ്ഞു. 'എയ്!' സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ഉടൻ തന്നെ നിക്ഷേപങ്ങൾ കണ്ടെത്താൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കൻ ടെക് കമ്പനികളോട് മത്സരത്തിൽ പിടിച്ചുനിൽക്കുന്നത് വെല്ലുവിളിയാണെങ്കിലും, ഡിജിറ്റൽ രംഗത്ത് കാനഡയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു സ്ഥാപകരും വ്യക്തമാക്കി.