ആൽബർട്ടയിൽ വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന റഫറണ്ടത്തിൽ തപാൽ വഴി വോട്ട് ചെയ്യുന്നതിനുള്ള (മെയിൽ-ഇൻ ബാലറ്റ്) ഓൺലൈൻ അപേക്ഷകൾ ആൽബർട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ 10 പ്രധാന ചോദ്യങ്ങളാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ആൽബർട്ട കാനഡയിൽ തന്നെ തുടരണമോ അതോ വേർപിരിയുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്ന നിർണായക ചോദ്യവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഭരണഘടനാ മാറ്റങ്ങൾ, കുടിയേറ്റ പരിഷ്കരണങ്ങൾ എന്നിവയെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം തേടും.
ഒക്ടോബർ ഒൻപത് വരെ തപാൽ വോട്ടിനായി അപേക്ഷിക്കാം. തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം ഒക്ടോബർ 16-നകം വോട്ട് ചെയ്ത ബാലറ്റുകൾ തിരിച്ചയക്കണം. ഒക്ടോബർ 13 മുതൽ 17 വരെ സംസ്ഥാനത്തുടനീളം മുൻകൂട്ടിയുള്ള വോട്ടെടുപ്പ് നടക്കും. റഫറണ്ടം സുഗമമായി നടത്തുന്നതിന് 60,000 താൽക്കാലിക ജീവനക്കാരെയാണ് ആവശ്യമുള്ളത്. ഇതിനകം തന്നെ 22,000-ത്തോളം അപേക്ഷകൾ ലഭിച്ചതായി ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കി.