കാട്ടുതീ പുകയുടെ പേരിൽ തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണി വെറും ഭാവനയെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Jul 21, 2026, 12:40 PM

 

കാനഡയിലെ കാട്ടുതീ മൂലം അമേരിക്കയിലേക്ക് പുക പടരുന്നതിൽ പ്രതിഷേധിച്ച് പുതിയ തീരുവകൾ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രൂക്ഷവിമർശനവുമായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. ട്രംപിന്റെ പരാമർശങ്ങൾ തികച്ചും വസ്‌തുതാവിരുദ്ധവും അസംബന്ധവുമാണെന്ന് ഡഗ് ഫോർഡ് വാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെറുതെ ഇരുന്ന് കുറ്റം പറയുന്നതിന് പകരം കാട്ടുതീ അണയ്ക്കാൻ സഹായത്തിനായി വാട്ടർ ബോംബറുകളും അഗ്നിശമന സേനാംഗങ്ങളെയും അയക്കുകയാണ് ട്രംപ് ചെയ്യേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു.

വടക്കൻ ഒന്റാറിയോയിൽ ഏകദേശം 200-ഓളം പ്രദേശങ്ങളിലാണ് കാട്ടുതീ പടർന്നുപിടിക്കുന്നത്. കാടുകൾ കൃത്യമായി പരിപാലിക്കാത്തതാണ് അമേരിക്കയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമെന്നും കാനഡ ഇതിന് ഉത്തരവാദിത്തം പറയണമെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. എന്നാൽ അമേരിക്കയിലും ആയിരക്കണക്കിന് കാട്ടുതീ ദുരന്തങ്ങൾ ഉണ്ടാകാറുണ്ടെന്നും കാനഡ അതിലൊന്നും പരാതിപ്പെടാറില്ലെന്നും ഫോർഡ് ഓർമ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഇത്തരം പ്രകൃതിദുരന്തങ്ങൾ ആഗോള പ്രതിഭാസമാണെന്നും അയൽരാജ്യങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ വടക്കൻ ഒന്റാറിയോയിൽ കാട്ടുതീ രൂക്ഷമായതിനെ തുടർന്ന് 1,800-ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ടൊറന്റോ ഉൾപ്പെടെയുള്ള നഗരങ്ങളിലും യു.എസ് അതിർത്തി പ്രദേശങ്ങളിലും വായുനിലവാരം ഗുരുതരമായി താഴാൻ ഈ പുക കാരണമായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ എല്ലാ ദുരന്തനിവാരണ മാർഗ്ഗങ്ങളും പ്രവിശ്യാ ഭരണകൂടം സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.