ഹൈവേ 401-ൽ ഓടുന്ന വാഹനത്തിൽ നിന്ന് ടയർ ഊരിത്തെറിച്ചു അപകടം: രണ്ട് വയോധികർക്ക് പരിക്കേറ്റു

By: 600110 On: Jul 21, 2026, 12:37 PM

 

 

ഒൻ്റാരിയോ ക്ലാരിംഗ്ടണിലുള്ള ഹൈവേ 401-ൽ ഓടുന്ന വാഹനത്തിൽ നിന്ന് വീൽ അസംബ്ലി  വേർപെട്ട് മറ്റൊരു എസ്‌.യു.വിയിലേക്ക് ഇടിച്ച് കയറി ദമ്പതികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11:30-ഓടെ ന്യൂട്ടൺവില്ലെ റോഡിന് സമീപമായിരുന്നു അപകടം.  വാഹനത്തിൽ നിന്ന് വേർപെട്ട ടയർ ഹൈവേയുടെ ഡിവൈഡർ കടന്ന് എതിർ ലെയ്നിലൂടെ വരികയായിരുന്ന എസ്‌.യു.വിയുടെ വിൻഡ്ഷീൽഡിൽ ഉൾപ്പെടെ ശക്തമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ എസ്‌.യു.വിയിൽ സഞ്ചരിച്ചിരുന്ന 70 വയസ്സുള്ള ദമ്പതികൾക്കാണ് പരിക്കേറ്റത്. വയോധികയുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് എയർ ആംബുലൻസ് മാർഗ്ഗം ടൊറോന്റോയിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഡ്രൈവറായ വയോധികന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ വാഹനത്തിന്റെ റൂഫ് പൂർണ്ണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ്  അന്വേഷണം ആരംഭിച്ചു.  ടയർ വേർപെട്ടുപോയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെയും റോഡ് വൃത്തിയാക്കലിന്റെയും ഭാഗമായി ഹൈവേയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.