കാനഡയിൽ സിഖ് യുവാവിനോട് ജിമ്മിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട സംഭവം: ജീവനക്കാരിക്ക് പൂർണ്ണ പിന്തുണയുമായി ഗുഡ്‌ലൈഫ് ഫിറ്റ്‌നസ്

By: 600110 On: Jul 21, 2026, 12:33 PM

 

 ഒൻ്റാരിയോയിൽ ആചാരപരമായ കൃപാൺ ധരിച്ച് വ്യായാമം ചെയ്ത സിഖ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ജിമ്മിൽ നിന്ന് പുറത്താക്കിയ ജീവനക്കാരിയെ പിന്തുണച്ച് സ്ഥാപന അധികൃതർ രംഗത്തെത്തി. വിൻഡ്സറിലെ 'ഗുഡ്‌ലൈഫ് ഫിറ്റ്‌നസ്' ശാഖയിൽ വെച്ച് പ്രശസ്ത ടിക്ടോക് താരം ഗുർപർതാപ് സിംഗ് ഖൽസയും ജിം ജീവനക്കാരിയും തമ്മിൽ നടന്ന തർക്കത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന വാർത്തകൾ തെറ്റാണെന്നും അവരെ സ്ഥാപനം പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഗുഡ്‌ലൈഫ് ഫിറ്റ്‌നസ് വൈസ് പ്രസിഡൻ്റ് ട്രേസി മാത്യൂസ് വ്യക്തമാക്കി.

വർക്ക്ഔട്ട് ചെയ്യുന്നതിനിടെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ആചാരപരമായ വാളായ കിർപ്പാൻ ധരിക്കുന്നത് ജീവനക്കാരി ചോദ്യം ചെയ്തത്. ജിമ്മിലെ മറ്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആയുധങ്ങൾ വിലക്കാനുമുള്ള സ്വകാര്യ സ്ഥാപനത്തിന്റെ അവകാശം ഉന്നയിച്ചാണ് ഖൽസയോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ ധരിച്ചിരിക്കുന്നത് മതപരമായ ചിഹ്നമാണെന്നും അത് അപകടകരമല്ലെന്നും വാദിച്ച ഖൽസ, സംഭവം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സ്ഥാപനത്തിൽ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പ്രവിശ്യാ മനുഷ്യാവകാശ നിയമങ്ങൾക്ക് വിധേയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ഖൽസയുടെ നിലപാടിനെതിരെ വലിയ വിമർശനമാണ് ഇന്റർനെറ്റിലും സിഖ് സമൂഹത്തിനിടയിലും ഉയരുന്നത്. കാനഡയിലെ നിയമപ്രകാരം കിർപ്പാൻ ധരിക്കാൻ അനുമതിയുണ്ടെങ്കിലും അത് വസ്ത്രത്തിനുള്ളിൽ മറച്ചുവെച്ചാണ് ധരിക്കേണ്ടതെന്നും എന്നാൽ ഖൽസ ശ്രദ്ധനേടാൻ വേണ്ടി ഇത് പരസ്യമായി പ്രദർശിപ്പിക്കുകയായിരുന്നുവെന്നും റെഡ്ഡിറ്റ് പോസ്റ്റുകളിലൂടെ സഹ-മതസ്ഥർ കുറ്റപ്പെടുത്തി.