മകളുടെ കട്ടിലിനടിയില്‍ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

By: 600002 On: Jul 21, 2026, 12:03 PM



 

പി പി ചെറിയാന്‍


മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസില്‍ കേന്ദ്ര സ്‌കോട്ട് (Kendra Scott) എന്ന അമ്മയ്ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

റോഡെറിയസ് മോര്‍ട്ടണ്‍ (20) എന്ന യുവാവാണ് തലയുടെ പിന്‍ഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന മോര്‍ട്ടണെ കണ്ടെത്തുകയായിരുന്നു.

കേന്ദ്ര ജോലിക്ക് പോയ സമയം പെണ്‍കുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ്‍ കുട്ടികളെ വീട്ടില്‍ കയറ്റരുതെന്ന് അമ്മ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടി ഭയന്നിരുന്നു.
തര്‍ക്കത്തിനിടെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോര്‍ട്ടണുനേരെ കേന്ദ്ര വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.