വിദേശത്തുളള എല്ലാ അമേരിക്കക്കാര്‍ക്കും അപൂര്‍വ്വ ജാഗ്രതാനിര്‍ദ്ദേശവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

By: 600002 On: Jul 21, 2026, 9:53 AM


 

പി പി ചെറിയാന്‍

ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് മേഖലയിലുണ്ടായ ശക്തമായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, വിദേശത്ത് താമസിക്കുന്നതും യാത്ര ചെയ്യുന്നതുമായ എല്ലാ യു.എസ് പൗരന്മാര്‍ക്കും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപൂര്‍വ്വമായ ജാഗ്രതാ നിര്‍ദ്ദേശം (Worldwide Caution Alert) പുറപ്പെടുവിച്ചു. അമേരിക്കക്കാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി.

ശനിയാഴ്ച പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍, വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും പ്രാദേശിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലും അതിനുപുറത്തുമുള്ള യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമണ ലക്ഷ്യമായിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

'പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണമായി തുടരുകയാണ്. ഏതു നിമിഷവും അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇറാന് പിന്തുണ നല്‍കുന്ന ഗ്രൂപ്പുകള്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങളെയോ, അമേരിക്കക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടേക്കാം,' എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

വ്യോമാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതും മൂലം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഫെഡറല്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അപൂര്‍വ്വ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

യു.എസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ഇറാന്‍ വിരുദ്ധ യുദ്ധം അഞ്ച് മാസം തികയാന്‍ അടുക്കവെയാണ് ഈ പുതിയ നീക്കം. ഇത് മേഖലയിലെ വിവിധ രാജ്യങ്ങളെ ബാധിക്കുകയും, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ പാതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ യാത്ര ചെയ്യുന്നവരും അവിടെ താമസിക്കുന്നവരുമായ പൗരന്മാര്‍ 'സ്റ്റെപ്പ്' (Smart Traveler Enrollment Program - STEP) വഴി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാ സന്ദേശങ്ങള്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.