വിദ്വേഷ കുറ്റങ്ങള്‍ക്കെതിരെ കാനഡ;'കോംബാറ്റിംഗ് ഹേറ്റ് ആക്ട്' പ്രാബല്യത്തില്‍

By: 600002 On: Jul 21, 2026, 9:30 AM



 

പ്രസാദ് തീയാടിക്കല്‍

ഒട്ടാവ: വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും മത-സാമൂഹിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കാനഡ കൊണ്ടുവന്ന 'കോംബാറ്റിംഗ് ഹേറ്റ് ആക്ട്' പ്രാബല്യത്തില്‍ വന്നു.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം മനഃപൂര്‍വം തടസ്സപ്പെടുത്തുന്നത് പുതിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി പൊതുസ്ഥലങ്ങളില്‍ ചില ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

വിദ്വേഷ ഉദ്ദേശ്യത്തോടെ നടത്തുന്ന ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും നിലവിലുള്ളതിനെക്കാള്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ക്കും വംശീയ സമൂഹങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക നടപടിയാണിതെന്ന് കാനഡ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, നിയമത്തിലെ ചില വ്യവസ്ഥകള്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധങ്ങളെയും ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.