ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് നിർത്തൂ'; കാനഡയിലെ കാട്ടുതീപ്പുകയ്ക്ക് ഏക പരിഹാരം ഇതാണെന്ന് ശാസ്ത്രജ്ഞർ

By: 600110 On: Jul 20, 2026, 12:01 PM

 

കാട്ടുതീയെത്തുടർന്ന് കനേഡിയൻ നഗരങ്ങളിൽ പടരുന്ന കടുത്ത പുകമഞ്ഞ് ഭീഷണി ഒഴിവാക്കാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിർത്തലാക്കുക മാത്രമാണ് പരിഹാരമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ. നിലവിലുള്ള ഫയർഫോഴ്സ് സംവിധാനങ്ങൾ ഉപയോഗിച്ച് ജനവാസമേഖലകളെ സംരക്ഷിക്കാൻ സാധിക്കുമെങ്കിലും, കാനഡയിലുടനീളം പടർന്നുപിടിക്കുന്ന  കാട്ടുതീയെ പൂർണ്ണമായി അണയ്ക്കുക പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ കാട്ടുതീപ്പുക അതിർത്തി കടന്ന് അമേരിക്കൻ നഗരങ്ങളിലേക്കും ടൊറൻ്റോ പോലുള്ള വൻനഗരങ്ങളിലേക്കും പടരുന്ന പശ്ചാത്തലത്തിൽ, ഇതിനെതിരെ കാനഡ സർക്കാർ കർശന നടപടിയെടുക്കണമെന്ന് യു.എസ് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെടുന്നുണ്ട്.  

ആഗോളതാപനം മൂലം താപനിലയിലുണ്ടാകുന്ന നേരിയ വർദ്ധനവ് പോലും കാട്ടുതീയുടെ എണ്ണവും അതിൻ്റെ തീവ്രതയും പലമടങ്ങ് വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിലാണ് കാനഡയിൽ താപനില ഉയരുന്നത്. കനേഡിയൻ ആർട്ടിക് മേഖലയിലാകട്ടെ ഇത് നാലിരട്ടിയാണ്. താപനില ഉയരുന്നതോടെ കാടുകളിലെ സസ്യങ്ങളും മരങ്ങളും വേഗത്തിൽ ഉണങ്ങിപ്പോകുകയും ഇത് കാട്ടുതീ പടരാൻ അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. ശക്തമായ 'എൽ നിനോ'  പ്രതിഭാസവും ഇതിന് ആക്കം കൂട്ടുന്നുണ്ട്. ആർട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതിലൂടെ ഭൂമിക്കടിയിൽ ദശാബ്ദങ്ങളായി അടങ്ങിയിരിക്കുന്ന കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും അന്തരീക്ഷത്തിലേക്ക് വൻതോതിൽ പുറന്തള്ളപ്പെടാം. ഇത് ഭൂമിയുടെ ചൂട് വീണ്ടും വർദ്ധിപ്പിക്കും. 

അമേരിക്കൻ കാടുകളിലും തെക്കുപടിഞ്ഞാറൻ കാനഡയിലും ഉണ്ടാകുന്ന കാട്ടുതീയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ 88 ഫോസിൽ ഇന്ധന കമ്പനികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് 2023-ലെ ഒരു പ്രമുഖ പഠനം വ്യക്തമാക്കുന്നുണ്ട്. അന്തരീക്ഷം ഇനിയും പുകയുന്നത് തടയാൻ ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് മിഷിഗൺ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജോനാഥൻ ഓവർപെക്ക് ഓർമ്മിപ്പിക്കുന്നു.