കാനഡയിൽ രാജ്യത്തുടനീളം കാട്ടുതീ പടർന്നുപിടിക്കുന്നു. നിലവിൽ 950-ലധികം ഇടങ്ങളിലാണ് തീപിടിത്തമുണ്ടായിട്ടുള്ളതെന്ന് ദേശീയ വൈൽഡ് ലാൻഡ് ഫയർ സമറി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 241 ഓളം സ്ഥലങ്ങളിലെ തീ പൂർണ്ണമായും നിയന്ത്രണാതീതമാണ്. കാട്ടുതീയെത്തുടർന്ന് കാനഡയിലെ വായുനിലവാരം തകരാറിലായതോടെ ബ്രിട്ടീഷ് കൊളംബിയ മുതൽ ക്യൂബെക്ക് വരെയുള്ള പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും പരിസ്ഥിതി മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയയിലെ നൂറിലധികം സ്ഥലങ്ങളിൽ കാട്ടുതീ പടരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇടിമിന്നൽ മൂലമുണ്ടായതാണ്. ഇതിനോടകം രണ്ട് ശതമാനത്തോളം തീ നിയന്ത്രണാതീതമായിക്കഴിഞ്ഞു. കാട്ടുതീ ജനവാസ മേഖലകളിലേക്ക് പടർന്നതിനെത്തുടർന്ന് വാൻകൂവറിന് വടക്കുള്ള ബിഗ് ബാർ ലേക്ക്, മെഡോ ലേക്ക് എന്നീ പ്രദേശങ്ങളിലെ 130-ലധികം കെട്ടിടങ്ങളിൽ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. 500-ലധികം ഫയർഫോഴ്സ് ജീവനക്കാരാണ് ഇവിടെ തീ അണയ്ക്കാനായി രംഗത്തുള്ളത്.
മാനിറ്റോബയുടെ വടക്കൻ മേഖലകളിൽ കാട്ടുതീ ശക്തമാണ്. ജൂൺ 26-ന് ഒ-പിപോൺ-നാ-പിവിൻ ക്രീ നേഷൻ എന്ന ഉൾഗ്രാമത്തിലെ 600-ഓളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ മേഖലയിലെ പുക കാരണം വായുനിലവാരം വളരെ മോശമാകുകയും കാഴ്ചപരിധി കുറയുകയും ചെയ്തിട്ടുണ്ട്.
കാട്ടുതീയെത്തുടർന്ന് ജൂൺ അവസാനത്തോടെ ഫോർട്ട് സിംപ്സൺ, റിഗ്ലി എന്നീ പ്രദേശങ്ങളിൽ നിന്നായി 1,400-ലധികം ആളുകളെ ഒഴിപ്പിച്ചു. ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ യെല്ലോനൈഫിലാണ് കഴിയുന്നത്. വരും ദിവസങ്ങളിൽ താപനില കുറയുന്നത് തീ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഒൻ്റാരിയോ പ്രവിശ്യയിൽ മാത്രം ഇരുനൂറോളം സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. കഴിഞ്ഞ വർഷമുണ്ടായ ആകെ നാശനഷ്ടങ്ങളേക്കാൾ കൂടുതൽ ഭൂമി ഇത്തവണ കാട്ടുതീയിൽ നശിച്ചുകഴിഞ്ഞു. വടക്കൻ ഒൻ്റാരിയോയിൽ നിന്ന് ഒഴിഞ്ഞുപോന്ന ജനങ്ങൾ തണ്ടർ ബേ നഗരത്തിലെ ഹോട്ടലുകളിലാണ് അഭയം തേടിയിരിക്കുന്നത്. 150-ലധികം ഫയർ ക്രൂ അംഗങ്ങളും ഹെലികോപ്റ്ററുകളും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഹാലിഫാക്സിന് വടക്കുകിഴക്കായി മൂസ്‌ലാൻഡ് റോഡ് മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ ഏതാണ്ട് 14 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് വ്യാപിച്ചു കഴിഞ്ഞു. ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ നിന്നുള്ള വാട്ടർ ബോംബർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. മുൻകരുതലിന്റെ ഭാഗമായി ഈ ഗ്രാമീണ മേഖലയിലെ നൂറിലധികം ആളുകളോട് ഒഴിഞ്ഞുപോവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.