കാൽഗറിയിൽ ബിസിനസ് മാനേജ്‌മെൻ്റ് ഡിപ്ലോമ പൂർത്തിയാക്കിയ ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അവരുടെ ഭാവി അനിശ്ചിതത്വത്തിലായി. പോർട്ടേജ് കോളേജ്, കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്റ്റിയോപതിക് തെറാപ്പി എന്നിവയിലൂടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിൻ്റെ പുതിയ തീരുമാനത്തിൽ കുടുങ്ങിയത്.
പഠനത്തിന് ശേഷം വർക്ക് പെർമിറ്റ് ലഭിക്കുമെന്ന ഉറപ്പിന്മേലാണ് പഞ്ചാബിൽ നിന്നുള്ള ജസ്പീന്ദർ കൗർ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾ വൻതുക ചിലവഴിച്ച് ഈ കോഴ്സുകളിൽ ചേർന്നത്. എന്നാൽ കോഴ്സ് കഴിഞ്ഞയുടൻ അപേക്ഷ നിരസിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത് ഇവരെ മാനസികമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാനഡയിലെ ഔദ്യോഗിക ഇമിഗ്രേഷൻ വെബ്‌സൈറ്റിൽ ജൂൺ 24-ന് വരുത്തിയ പുതിയ പരിഷ്കരണമാണ് ഈ പ്രതിസന്ധിക്ക് കാരണം. നോൺ-ക്രെഡിറ്റ് പ്രോഗ്രാമുകൾ പഠിച്ചവർക്ക് ഇനി മുതൽ വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ തങ്ങൾ ഈ നിയമം വരുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിച്ചവരാണെന്നും, തങ്ങളുടെ അപേക്ഷകളിൽ പുതിയ നിയമം ബാധകമാക്കരുതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഏകദേശം 32,000 ഡോളറിലധികം ട്യൂഷൻ ഫീസായി മാത്രം മുടക്കിയ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നിഷേധിക്കപ്പെട്ടത് കടുത്ത അനീതിയാണെന്ന് വിദ്യാർത്ഥി സംഘടനയായ പോർട്ടേജ് സ്റ്റുഡൻ്റ്സ് യൂണിയൻ വ്യക്തമാക്കുന്നു. കാനഡയിലുടനീളം 1,500-ഓളം വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
അതേസമയം, നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിബന്ധനകൾ കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇമിഗ്രേഷൻ വകുപ്പിൻ്റെ ഔദ്യോഗിക വിശദീകരണം. ഡിഗ്രി, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന കോഴ്സുകൾക്ക് മാത്രമേ വർക്ക് പെർമിറ്റിന് അർഹതയുള്ളൂവെന്നും നോൺ-ക്രെഡിറ്റ് കോഴ്സുകൾ ഇതിൽ ഉൾപ്പെടില്ലെന്നും അവർ വ്യക്തമാക്കി. ഒരേ സാഹചര്യത്തിലുള്ള ചില വിദ്യാർത്ഥികൾക്ക് മുൻപ് പെർമിറ്റ് ലഭിക്കുകയും മറ്റുള്ളവർക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് വലിയ വിവേചനമാണെന്ന് കാണിച്ച് വിദ്യാർത്ഥികൾ ഇപ്പോൾ ഫെഡറൽ കോടതിയെ സമീപിക്കാനും പുനഃപരിശോധനാ ഹർജികൾ നൽകാനുമുള്ള നിയമപരമായ നീക്കങ്ങളിലാണ്.