Story Written by, Abraham George, Chicago
"വത്സലേ..."
''എന്താ അബു,"
"നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടേ..."
"എന്തായിന്നിത്ര പ്രത്യേകത, ഇതിനു മുമ്പ് നീയെന്നെ കെട്ടിപ്പിടിച്ചിട്ടില്ലേ?"
"അത് കുട്ടിക്കാലത്തല്ലേ, ഇപ്പോളെനിക്കൊരാഗ്രഹം"
അവൻ അവളെ കെട്ടിപ്പിടിച്ചു. ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ചക്കരമാവിൻചോട്ടിലെ കരിയിലയിളക്കം കേട്ട് കുളക്കോഴികൾ പൊത്തിലൊളിച്ചു. മൂവന്തി നേരത്ത് ആരടാ, ഈ മാവിൻചോട്ടിൽ? ചോദ്യം കേട്ട് അവരൊന്നു ഞെട്ടി, വത്സലയുടെ അച്ഛൻ രാഘവൻനായർ.
വത്സല നാട്ടുവഴിയിലൂടെ വീട്ടിലേക്കോടി. രാഘവൻ നായർ അബുവിനെ കടന്ന് പിടിച്ചു,
"എടാ മുസ്ലിംപട്ടി, എൻ്റെ മകളെ കടന്നുപിടിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?"
അയാൾ അവനെ തല്ലി. പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. മുസ്ലീങ്ങൾ ഒന്നിച്ചുചേർന്ന് രാഘവൻനായരോട് ചോദിക്കാനൊരുങ്ങി. അബു പറഞ്ഞു:
"വേണ്ട, ഒന്നും ചോദിക്കണ്ട, എനിക്ക് വത്സലയെ ഇഷ്ടമാണ്, ഞങ്ങൾ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു."
അബുവിൻ്റെ ബാപ്പയുടെ സ്വഭാവം മാറി,
"ഒരു നായരിച്ചിപ്പെണ്ണിനെ കെട്ടാൻ നിനക്കെന്താ ഭ്രാന്താണോ? എൻ്റെ കൊക്കിന് ജീവനുള്ളടത്തോളം കാലം ഇത് നടക്കില്ല, അതോർത്ത് നീ മനപ്പായസം ഉണ്ണണ്ടാ,"
അയാൾ അലറി. ഇതിലും വലിയ പുകിലായിരുന്നു വത്സലയുടെ വീട്ടിൽ. രാഘവൻനായർ വത്സലയെ മതിയാവോളം തല്ലി. വത്സലയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടി. അബു രണ്ടും കൽപ്പിച്ച് അങ്ങോട്ട് കയറിച്ചെന്നു. അവൻ പറഞ്ഞു:
"അവളെ തൊട്ടു പോകരുത്, അവളെൻ്റെ പെണ്ണാണ്, അവളെ ഞാൻ വിവാഹം കഴിക്കും."
രാഘവൻനായർ അവൻ്റെ നേർക്ക് തിരിഞ്ഞു. അയാൾ അവൻ്റെ കഴുത്തിന് കയറിപ്പിടിച്ചു. അതോടെ കൂട്ടലഹളയായി. ഹിന്ദുക്കൾ ഒരു ഭാഗത്തും മുസ്ലീങ്ങൾ മറുഭാഗത്തും ചേർന്ന് പരസ്പര വൈര്യത്തിലായി. ആ രാത്രി ചോരപ്പുഴ ഒഴുകി. ആർക്കൊക്കെ അടികൊണ്ടന്നോ ആർക്കൊക്കെ പരിക്ക് പറ്റിയെന്നോ ഒരു പിടിയുമില്ല. പലരും ഹോസ്പിറ്റലിൽ അഡ്മിറ്റായി.
പോലീസെത്തി കേസ് ഫയൽ ചെയ്തു. ലഹള പ്രണയംവിട്ട് മതഭ്രാന്തായി. മതവിദ്വേഷം ആളിക്കത്തി. വത്സലയുടെ കുടുംബം നാട് വിട്ട് എങ്ങോട്ടോ ചേക്കേറി. അവരെപ്പറ്റി പിന്നെയൊരു വിവരവും നാട്ടുകാർക്കറിയില്ലായെങ്കിലും നാട്ടിൽ ഹിന്ദു മുസ്ലീം ലഹളക്ക് കുറവുണ്ടായില്ല. അബു പഠനത്തിനായി എറണാകുളത്തെ കൊച്ചിയിലേക്ക് ചേക്കേറി. വാദിയും പ്രതിയും ഇല്ലാഞ്ഞിട്ടും നാട്ടിൽ ലഹള തുടർന്നു. എന്തിനു വേണ്ടിയാണ് ഈ ലഹളയെന്ന് ആർക്കും അറിയില്ലായിരുന്നു.
-------തുടരും---------