ലഹരി വിരുദ്ധ നയങ്ങളില്‍ ട്രംപിന്റെ മാറ്റത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍

By: 600002 On: Jul 19, 2026, 7:30 PM

 

 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: അമേരിക്കയില്‍ ലഹരിമരുന്ന് മൂലമുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന 'ഹാം റിഡക്ഷന്‍' (Harm Reduction  ഹാനികരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള) പദ്ധതികള്‍ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ആരോഗ്യവകുപ്പ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെയും നീക്കത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന (റെഡ് സ്റ്റേറ്റ്‌സ്) സംസ്ഥാനങ്ങള്‍ രംഗത്ത്. 

സിറിഞ്ച് വിതരണം, ലഹരിമരുന്നിലെ അപകടകരമായ കെമിക്കലുകള്‍ തിരിച്ചറിയാനുള്ള ടെസ്റ്റ് സ്ട്രിപ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിച്ചെങ്കിലും ഫ്‌ലോറിഡ, ഒഹായോ, കെന്റക്കി, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇതിനായി ഫണ്ട് നീക്കിവെക്കുകയാണ്.

ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ കാരണമാണ് കോവിഡിന് ശേഷം ലഹരിമരണ നിരക്ക് ഒരു ലക്ഷത്തില്‍ നിന്ന് എഴുപതിനായിരത്തിലേക്ക് കുറഞ്ഞതെന്ന് സംസ്ഥാന ഭരണാധികാരികള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍, സൂചികള്‍ വിതരണം ചെയ്യുന്നതും സുരക്ഷിത ലഹരി ഉപയോഗ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും ലഹരി മാഫിയകള്‍ക്ക് വളമാകുമെന്നും അതിനാല്‍ ആത്മീയവും കൗണ്‍സിലിംഗ് അധിഷ്ഠിതവുമായ പുനരധിവാസ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നുമാണ് കെന്നഡിയുടെ നിലപാട്. ഫെഡറല്‍ സഹായം നിര്‍ത്തലാക്കുന്നത് രാജ്യത്തെ ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.