ഒറ്റമരം കാടാവില്ല: ഒറ്റക്കുട്ടി സംസ്‌കാരവും മാറുന്ന കുടുംബമൂല്യങ്ങളും

By: 600002 On: Jul 19, 2026, 7:24 PM




റവ. ജെയിംസ് കെ. ജോണ്‍ (എമ്മാനുവല്‍ മാര്‍ത്തോമാ ചര്‍ച്ച്, ലബ്ബോക്ക്, ടെക്‌സാസ്)

'ഒരു കുഞ്ഞിനെ വളര്‍ത്താന്‍ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മ വേണം.'  ആഫ്രിക്കന്‍ പഴഞ്ചൊല്ല്. ഈ പഴഞ്ചൊല്ലില്‍ വലിയൊരു ജീവിതസത്യമുണ്ട്. ഒരു കുഞ്ഞിന്റെ വളര്‍ച്ച മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമല്ല; കുടുംബം, സഹോദരങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹം എന്നിവയെല്ലാം ചേര്‍ന്നാണ് ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നത്. മനുഷ്യന്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവനല്ല; ബന്ധങ്ങളിലൂടെയും പങ്കുവെക്കലുകളിലൂടെയും വളരാനാണ് ദൈവം അവനെ ഭൂമിയിലേക്ക് അയച്ചത്. എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പ്രവണതയാണ് 'ഒറ്റക്കുട്ടി' (Only Child) സംസ്‌കാരം.

മാറുന്ന കുടുംബ ദര്‍ശനങ്ങള്‍

ഒരുകാലത്ത് വലിയ കുടുംബങ്ങള്‍ സമൂഹത്തിന്റെ ശക്തിയായിരുന്ന സ്ഥാനത്ത്, ഇന്ന് കുടുംബദര്‍ശനം മാറിമറിയുകയാണ്:

'നാം രണ്ട്  നമുക്ക് രണ്ട്' എന്നതില്‍ നിന്ന്,

'നാം രണ്ട് നമുക്കൊന്ന്' എന്ന രീതിയിലേക്കും,

ഒടുവില്‍ 'നാം മാത്രം; നമുക്ക് ആരും വേണ്ട' എന്ന ചിന്തയിലേക്കും കാര്യങ്ങള്‍ മാറുന്നു.

ഇതിന് പിന്നില്‍ സാമ്പത്തിക ഭാരം, തൊഴില്‍ തിരക്കുകള്‍, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയം, ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ആശങ്കകള്‍ എന്നിവയൊക്കെയുണ്ട്. ഇതിനൊപ്പം നഗരങ്ങളില്‍ 'വിവാഹമേ വേണ്ട, ഉത്തരവാദിത്തങ്ങള്‍ വേണ്ട' എന്ന പുതിയൊരു സംസ്‌കാരവും വളരുന്നുണ്ട്.

തീര്‍ച്ചയായും, എല്ലാവര്‍ക്കും ഒരേ സാഹചര്യങ്ങളല്ല. ആരോഗ്യപ്രശ്‌നങ്ങള്‍, വന്ധ്യത, ഗര്‍ഭനഷ്ടം, മറ്റ് അനിവാര്യമായ കാരണങ്ങള്‍ എന്നിവ മൂലം ഒരു കുട്ടിയില്‍ ഒതുങ്ങേണ്ടി വരുന്ന കുടുംബങ്ങളെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സൗകര്യവും വ്യക്തിസ്വാതന്ത്ര്യവും ആധുനിക ജീവിതശൈലിയും മാത്രം മുന്‍നിര്‍ത്തി ബോധപൂര്‍വം ഒറ്റക്കുട്ടി എന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന പ്രവണതയെക്കുറിച്ച് സമൂഹം ഇന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

വളര്‍ത്തുമൃഗങ്ങളും സഹോദരബന്ധവും: ഒരു താരതമ്യം
ഇന്നത്തെ ജീവിതരീതിയില്‍ മറ്റൊരു ശ്രദ്ധേയമായ മാറ്റം കാണാം. പല വീടുകളിലും വളര്‍ത്തുമൃഗങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. നായ്ക്കള്‍, പൂച്ചകള്‍, ചിലയിടങ്ങളില്‍ ചെറിയ ഡയറി ഫാമുകള്‍ വരെ വീടുകളുടെ ഭാഗമാകുന്നു. ഇവ മനുഷ്യജീവിതത്തിന് സന്തോഷവും ആത്മീയമായ ഒരു കൂട്ടായ്മയും നല്‍കുന്നുവെന്നത് നിസ്സംശയം പറയാം. പ്രകൃതിയോടും മൃഗങ്ങളോടുമുള്ള ഈ അടുപ്പം കുട്ടികളില്‍ കരുണയും ഉത്തരവാദിത്തബോധവും വളര്‍ത്താന്‍ സഹായിക്കും.

എന്നാല്‍ അതേസമയം തന്നെ, പല വീടുകളിലും കുഞ്ഞുങ്ങളുടെ എണ്ണം ഒന്നോ, ചിലപ്പോള്‍ ഒന്നുമില്ലായ്മയോ ആയി മാറുന്ന യാഥാര്‍ത്ഥ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വളര്‍ത്തുമൃഗങ്ങള്‍ നല്‍കുന്ന സ്‌നേഹം വലുതാണെങ്കിലും, സഹോദരബന്ധം നല്‍കുന്ന അനുഭവം അതിനോട് താരതമ്യം ചെയ്യാനാവാത്തതാണ്.

പങ്കുവെക്കല്‍, വഴങ്ങല്‍, ക്ഷമ, മത്സരബുദ്ധി, അനുരഞ്ജനം എന്നിവയെല്ലാം കുട്ടികള്‍ ആഴത്തില്‍ പഠിക്കുന്നത് ഒരു സഹോദരനോ സഹോദരിയോടൊപ്പമുള്ള ജീവിതത്തിലൂടെയാണ്.

ഒറ്റക്കുട്ടികളായി വളര്‍ന്ന പലരും തങ്ങളുടെ ബാല്യകാല ഓര്‍മ്മകളില്‍ ഒരു സഹോദരന്റെ സാന്നിധ്യമില്ലാത്ത ശൂന്യതയും ഏകാന്തതയും ഇന്നും വേദനയോടെ പങ്കുവെക്കാറുണ്ട്. നല്ല വിദ്യാഭ്യാസവും സമ്പത്തും നല്‍കിയാലും മാറ്റാനാകാത്ത ഏകാന്തതയാണത്.

കൂട്ടായ്മയുടെ ദൈവിക സത്യങ്ങള്‍

ദൈവം തന്നെ സ്വയം വെളിപ്പെടുത്തിയത് ത്രിത്വത്തിലെ (Trinity) സ്‌നേഹബന്ധത്തിലൂടെയാണ്. സൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ദൈവം അരുളിച്ചെയ്തു:

'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും' (ഉല്പത്തി 2:18).

ഇത് വിവാഹത്തെക്കുറിച്ചുള്ള വചനമെന്നതിലുപരി, മനുഷ്യജീവിതം ബന്ധങ്ങളിലൂടെ മാത്രമേ പൂര്‍ണ്ണമാകൂ എന്ന ദൈവിക സത്യത്തിന്റെ പ്രഖ്യാപനമാണ്. സഭാപ്രസംഗകന്‍ (4:912) നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്:

'ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു... വീണാല്‍ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! ...മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.'

ജീവിതത്തിലെ വീഴ്ചകളില്‍ എഴുന്നേല്‍പ്പിക്കാനും, വിജയങ്ങളില്‍ കൈയടിക്കാനും, ദുഃഖങ്ങളില്‍ ആശ്വസിപ്പിക്കാനും മനുഷ്യന് കൂട്ട് അനിവാര്യമാണ്. പ്രശസ്ത ചിന്തകന്‍ ഡീട്രിച്ച് ബോണ്‍ഹോഫര്‍ (Dietrich Bonhoeffer) എഴുതിയതുപോലെ: 'കൂട്ടായ്മയെ സ്‌നേഹിക്കുന്നതല്ല, മനുഷ്യരെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടായ്മ സൃഷ്ടിക്കുന്നത്.' കുടുംബം തന്നെയാണ് അതിന്റെ ആദ്യപാഠശാല.

വിലമതിക്കാനാകാത്ത സഹോദരസ്‌നേഹം

ഒരു കളിപ്പാട്ടം കുട്ടിയെ കുറച്ചുനേരം സന്തോഷിപ്പിച്ചേക്കാം; എന്നാല്‍ ഒരു സഹോദരന്‍ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുന്ന അനുഗ്രഹമാണ്. സങ്കീര്‍ത്തനം 133:1 ഓര്‍മ്മിപ്പിക്കുന്നു: 'ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!' അമര്‍ത്യമായ ആ സ്‌നേഹം അനര്‍ത്ഥകാലത്ത് വലിയൊരു തണലായി മാറും.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്:

'സഹോദരങ്ങളായി ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ പഠിക്കണം; അല്ലെങ്കില്‍ വിഡ്ഢികളായി ഒരുമിച്ച് നശിക്കേണ്ടിവരും.'

ഒരിക്കല്‍ ഒരു വൃദ്ധയായ അമ്മ കണ്ണീരോടെ പറഞ്ഞു: 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ഞാന്‍ വൃദ്ധയായതല്ല; എന്റെ മകന്‍ ഒറ്റയ്ക്കാണ് എന്നത് മാത്രമാണ്. ഞാന്‍ ഇല്ലാതാകുമ്പോള്‍ അവനെ 'ചേട്ടാ' എന്നോ 'ചേച്ചി' എന്നോ വിളിക്കാന്‍ ഈ ഭൂമിയില്‍ ആരുമുണ്ടാകില്ല.' ഒറ്റക്കുട്ടി സംസ്‌കാരം അവശേഷിപ്പിക്കുന്ന വലിയൊരു ശൂന്യതയാണ് ഈ വാക്കുകള്‍.

പുതുതലമുറയോട് ഒരു ചോദ്യം

ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്, അതിനാല്‍ മറ്റുള്ളവരെ വിധിക്കാന്‍ നമ്മള്‍ തുനിയരുത്. എന്നാല്‍ കുടുംബം ആസൂത്രണം ചെയ്യുന്ന പുതുതലമുറ ദമ്പതികള്‍ ഒരു ചോദ്യം സ്വയം ചോദിക്കണം:

'ഞങ്ങളുടെ ഈ തീരുമാനം ഞങ്ങളുടെ താല്‍ക്കാലിക സൗകര്യത്തിനുവേണ്ടിയാണോ, അതോ നമ്മുടെ കുട്ടിയുടെ സമഗ്രവളര്‍ച്ചയ്ക്കും ഭാവിക്കും വേണ്ടിയാണോ?'

പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞതുപോലെ, മനുഷ്യന്റെ സദ്ഗുണങ്ങള്‍ ആദ്യം പഠിക്കുന്ന വിദ്യാലയമാണ് കുടുംബം. ആ വിദ്യാലയത്തില്‍ സഹോദരബന്ധം ഒരു പ്രധാന അധ്യാപകനാണ്.

ഉപസംഹാരം

ഒരു വൃക്ഷത്തിന് ഒരൊറ്റ ശാഖ മാത്രമുണ്ടെങ്കിലും അത് ജീവിച്ചേക്കാം; എന്നാല്‍ സമൃദ്ധമായ തണലും ഫലവും നല്‍കാന്‍ അനേകം ശാഖകള്‍ വേണം. ഒരു കുഞ്ഞിന് നാം നല്‍കുന്ന ഏറ്റവും വലിയ സമ്മാനം വിലകൂടിയ കളിപ്പാട്ടങ്ങളോ വലിയ ബാങ്ക് നിക്ഷേപങ്ങളോ അല്ല; അവനൊപ്പം ചിരിക്കാനും കരയാനും വഴക്കിടാനും ചേര്‍ന്നുനില്‍ക്കാനും കഴിയുന്ന ഒരു സഹോദരനെയാണ്.

ബന്ധങ്ങളില്ലാത്ത ജീവിതം എത്ര വിജയകരമായി തോന്നിയാലും, അതിന് കൂട്ടായ്മയുടെ സൗന്ദര്യം ഉണ്ടാകില്ല. ബന്ധങ്ങള്‍ വളര്‍ത്തുന്ന കുടുംബങ്ങളും, കുടുംബങ്ങള്‍ വളര്‍ത്തുന്ന സമൂഹവും, സമൂഹം വളര്‍ത്തുന്ന രാഷ്ട്രവുമാണ് ദൈവം ആഗ്രഹിക്കുന്ന മനോഹരമായ മനുഷ്യലോകം.