ഹോട്ടല്‍ മുറിയില്‍ ബഹളം; ബാത്ത്‌റൂമില്‍ ടവല്‍ മാത്രം ധരിച്ച് ഒളിച്ചിരുന്ന ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍

By: 600002 On: Jul 19, 2026, 6:47 PM



 

പ്രസാദ് തീയാടിക്കല്‍

ഇര്‍വിംഗ് (ടെക്‌സസ്): ടെക്‌സസിലെ ഇര്‍വിംഗിലുള്ള ലാസ് കോളിനാസ് പ്രദേശത്തെ ഒരു ഹോട്ടലില്‍ ബഹളമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ ഇന്ത്യന്‍ സ്വദേശിയായ ഒരാള്‍ വേശ്യാവൃത്തി ആവശ്യപ്പെട്ടെന്ന (Solicitation of Prostitution) കുറ്റം ചുമത്തി അറസ്റ്റിലായി.

ലാസ് കോളിനാസിലെ സ്റ്റേബ്രിഡ്ജ് സ്യൂട്ട്‌സ് ഹോട്ടലില്‍ ഒരു മുറിയിലേക്ക് നിരവധി പുരുഷന്മാര്‍ വരികയും പോകുകയും ചെയ്യുന്നതായും, മുറിക്കുള്ളില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ടതായും ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇര്‍വിംഗ് പൊലീസ് സ്ഥലത്തെത്തിയത്.

ഭാഷാപരമായ ബുദ്ധിമുട്ട് കാരണം വിവര്‍ത്തന ആപ്പ് ഉപയോഗിച്ചാണ് പൊലീസ് മുറിയിലുണ്ടായിരുന്ന സ്ത്രീയുമായി ആശയവിനിമയം നടത്തിയത്. സുരക്ഷാ പരിശോധനയ്ക്കായി മുറി പരിശോധിക്കാന്‍ സ്ത്രീ അനുമതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, 38-കാരനായ സപ്തര്‍ഷി ദാസ് ബാത്ത്‌റൂമില്‍ ടവല്‍ മാത്രം ധരിച്ച നിലയില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഇരുവരും വെറും സമയം ചെലവഴിക്കുകയായിരുന്നുവെന്നാണ് സപ്തര്‍ഷി ദാസ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പണം നല്‍കി ലൈംഗിക സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടതായി പൊലീസ് പറയുന്ന ഡിജിറ്റല്‍ സന്ദേശങ്ങളും ചാറ്റ് രേഖകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുടര്‍ന്ന് സപ്തര്‍ഷി ദാസിനെ Solicitation of Prostitution കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഇര്‍വിംഗ് ജയിലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജാമ്യത്തില്‍ മോചിതനായി. ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന സ്ത്രീയെ സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് ഇര്‍വിംഗ് പൊലീസ് അറിയിച്ചു.