ഹോട്ടൽ ചെലവ് വിവാദം: ഒൻ്റാരിയോ ടൂറിസം മന്ത്രി സ്റ്റാൻ ചോ രാജി വെച്ചു

By: 600110 On: Jul 18, 2026, 12:46 PM

 

 

ടൊറൻ്റോ നഗരത്തിൽ സ്ഥിരതാമസക്കാരനായിരിക്കെ, ഔദ്യോഗിക ആവശ്യത്തിനെന്ന പേരിൽ 16,000 ഡോളർ ഹോട്ടൽ താമസച്ചെലവായി കൈപ്പറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് ഒൻ്റാരിയോ ടൂറിസം, സാംസ്കാരിക, ഗെയിമിംഗ് മന്ത്രി സ്റ്റാൻ ചോ മന്ത്രിസഭയിൽ നിന്നും രാജി വെച്ചു. പൊതുപണം ദുരുപയോഗം ചെയ്തു എന്ന പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് അടിയന്തര രാജി പ്രഖ്യാപനം ഉണ്ടായത്. തനിക്ക് സംഭവിച്ച വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, തുക മുഴുവൻ ഖജനാവിലേക്ക് തിരിച്ചടച്ചതായും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും നോർത്ത് ടൊറൻ്റോ മണ്ഡലമായ വില്ലോഡെയ്‌ലിനെ പ്രതിനിധീകരിക്കുന്ന പ്രൊവിൻഷ്യൽ പാർലമെൻ്റ് അംഗമായി അദ്ദേഹം തുടരും. നിയമസഭാ സമ്മേളനം രാത്രി വൈകുന്നത് കണക്കിലെടുത്ത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു ഇതെന്നും, എന്നാൽ സാധാരണക്കാരായ നികുതിദായകരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതൊരു ഗുരുതരമായ തെറ്റായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ സമ്മതിച്ചു. 2023 മുതൽ ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ചില ഭരണകക്ഷി മന്ത്രിമാരും ജനപ്രതിനിധികളും അടിയന്തര സാഹചര്യങ്ങൾക്കായുള്ള പ്രത്യേക നിയമം ദുരുപയോഗം ചെയ്ത് ഹോട്ടൽ ബില്ലുകൾ മാറിയതായി ഓഡിറ്റ് രേഖകൾ വ്യക്തമാക്കുന്നു. വിവാദത്തിൽപ്പെട്ടവരിൽ നിയമസഭാ മന്ദിരത്തോട് ഏറ്റവും അടുത്ത മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സ്റ്റാൻ ചോ ആയതാണ് ജനരോഷം ശക്തമാകാൻ കാരണം.

അതേസമയം, ഹാർദീപ് ഗ്രെവാൾ , നീന താംഗ്രി ,ഷാർമെയ്ൻ വില്യംസ്  തുടങ്ങിയ മറ്റ് പ്രമുഖ പ്രതിനിധികളും സമാനമായ രീതിയിൽ വൻതുക കൈപ്പറ്റിയിട്ടുണ്ട്. മന്ത്രിയുടെ രാജി ശരിയായ നടപടിയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചു.  വിവാദത്തിൽ ഉൾപ്പെട്ട എല്ലാ പ്രതിനിധികളും തുക പൂർണ്ണമായി തിരിച്ചടയ്ക്കുമെന്നും ക്വീൻസ് പാർക്കിന് 50 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഹോട്ടൽ ചെലവ് അനുവദിക്കുന്ന നിയമം അടിയന്തരമായി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ രാജി ഒരു തുടക്കം മാത്രമാണെന്നും നികുതിപ്പണം അനാവശ്യമായി ചെലവഴിച്ച മറ്റ് മന്ത്രിമാരും പദവികൾ ഒഴിയണമെന്നും പ്രതിപക്ഷ കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യങ്ങളിലെ ഇളവുകൾക്കായുള്ള വ്യവസ്ഥകൾ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പതിവ് ആഡംബര രീതിയാക്കി മാറ്റുകയായിരുന്നെന്ന് ലിബറൽ പാർട്ടി  നേതാവ് ജോൺ ഫ്രേസർ ആരോപിച്ചു. ഗവൺമെൻ്റ് പ്രതിനിധികൾ ഹോട്ടൽ താമസത്തിനായി 1,20,000 ഡോളറിലധികം നികുതിപ്പണം കൈക്കലാക്കിയതായി എൻ.ഡി.പി നേതാവ് മരീറ്റ് സ്റ്റൈൽസ് കുറ്റപ്പെടുത്തി. സാധാരണ ജനങ്ങൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടാൻ ബുദ്ധിമുട്ടുമ്പോൾ ഭരണാധികാരികൾ ജനങ്ങളുടെ പണം കൊണ്ട്  ആഡംബര ജീവിതം നയിക്കുകയാണെന്ന് ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ശ്രീനറും വിമർശിച്ചു