'തെരുവിൻ്റെ പുത്രി' അബ്രഹാം ജോർജ് എഴുതിയ മനോഹരമായ കഥ.

By: 600009 On: Oct 22, 2021, 3:59 PM

Story Written By, Abraham George.

തെരുവിൽ ഹോമിക്കപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിനൊരു നീറ്റലാണ്. ബലമുള്ളവരുടെ ഉരുക്ക് മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞമരുന്നവർ.

തെരുവിൽ മീൻ കച്ചവടമായും കുലുക്കി സർബത്ത് വിറ്റും നടന്ന പെൺകുട്ടിയെപ്പറ്റി അറിയാത്തവരായി ആരും കേരളക്കരയിൽ കാണില്ല. എന്നാൽ ഞാൻ പറയാൻ പോകുന്നത് നിസ്സഹായയായ ഒരു പെൺകുട്ടിയുടെ കഥയാണ്.

അമ്പത് വർഷം പിന്നിലേക്കെത്തി നോക്കുമ്പോൾ, എനിക്ക് രക്ഷിക്കാനായല്ലോയെന്ന് അഭിമാനം കൊള്ളുന്ന സുന്ദരിയായയൊരു പെൺകുട്ടിയുടെ കഥ.

ഓട്ടോ ഡ്രൈവറായിരുന്ന കാലം. സമയം പകൽ പതിന്നൊന്ന് മണിയായിക്കാണും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രിപ്പ് കാത്ത് കിടക്കുന്നു. ഓട്ടോയിൽ രണ്ടുപേർ വന്നുകയറി. ഒരു ലോഡ്ജിൻ്റെ പേര് പറഞ്ഞു. അതത്ര പന്തിയുള്ള ലോഡ്ജല്ലെന്ന് മസ്സിലായതുകൊണ്ടാണ് തിരിഞ്ഞു നോക്കിയത്. പുസ്തക കെട്ടുമായിരിക്കുന്ന ഒരു പെൺകുട്ടിയും യുവാവും. അത് അത്ര പന്തിയായി തോന്നിയില്ല. എനിക്ക് വേണമെങ്കിൽ ട്രിപ്പ് ഒഴിവാക്കാമായിരുന്നു. അതു കൊണ്ടെന്ത് ഗുണം. അവർ മറ്റൊരു വണ്ടിയിൽ കയറി പോകും.

ഞാനൊരു ഓട്ടോഡ്രൈവറായി മാത്രം മാറി. വണ്ടി ലോഡ്ജിൻ്റെ മുന്നിൽ കൊണ്ടുപോയി നിർത്തി. യുവാവ് മുറിയെടുക്കാൻ ലോഡ്ജിലേക്ക് പോയപ്പോൾ, പെൺകുട്ടിയോട് ഞാൻ പറഞ്ഞു.

"ഇത് അത്ര നല്ല ലോഡ്ജല്ല. അയാൾ നിങ്ങളെ വഞ്ചിക്കുകയാണ്. കുട്ടിക്ക് രക്ഷപ്പെടണമെങ്കിൽ ഞാൻ ബസ്‌സ്റ്റോപ്പിൽ കൊണ്ടുവന്നാക്കി തരാം."

പെൺകുട്ടി പറഞ്ഞു "അയാൾ ബോംബെയിൽ ജോലി ചെയ്യുന്നയാളാണ്. ഞാൻ അയാളെ സ്നേഹിക്കുന്നു. എനിക്കയാളെ ഇഷ്ടമാണ്."

ഞാൻ ചോദിച്ചു "അതിന് ഇവിടെ വരേണ്ട ആവശ്യമെന്ത്. പ്രായപൂർത്തി പോലും ആകാത്ത തന്നെയും കൊണ്ട് ലോഡ്ജിലാണോ വരേണ്ടത്? ഇത് യഥാർത്ഥ പ്രണയമല്ല. ഇതിൽ വഞ്ചന നിറഞ്ഞു കിടക്കുന്നു. താൻ രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെട്ടോ. കയ്യിൽ പൈസയില്ലെങ്കിൽ ഞാൻ തരാം."

ആ കുട്ടിയുടെ മനസ്സിന് മാറ്റം വരുന്നതായിയെനിക്ക് തോന്നി. അപ്പോഴേക്കും യുവാവ് എത്തി. പെൺകുട്ടിയേയും കൂട്ടി ലോഡ്ജിലേക്ക് കയറിപ്പോയി. ഇതേപോലെ ഒരുപാട് അനുഭവങ്ങൾ ഓട്ടോ ജീവിതത്തിലുള്ളത് കൊണ്ട് ഞാനത് മറന്നു. ഒരുവർഷം കടന്നുകാണും. ഒരിക്കൽ വേശ്യകളുടെ കൂട്ടത്തിൽ ഞാനവളെ കണ്ടു. സുന്ദരിയായ ആ പെൺകുട്ടിയെ പെട്ടെന്നെനിക്ക് മനസ്സിലായി. ഞാനവളുടെ അടുത്തേക്ക് ചെന്നു. നേരിട്ട് സംസാരിക്കാൻ അവരുടെ നേതാവ് മാധവി അനുവദിച്ചില്ല. ഞാൻ അവരോട്‌ ചോദിച്ചു

"അവൾക്ക് എത്രപണം തരണം."

അവർ പറഞ്ഞു "നിങ്ങളെപ്പോലെയുള്ളവർക്ക് അവളുടെ വില താങ്ങാനാവില്ല. ഇക്കൂട്ടത്തിൽ വേറെയാരെയെങ്കിലും നോക്കിക്കോ."

ഞാൻ പറഞ്ഞു "എനിക്ക് വേറെയാരേയും ആവശ്യമില്ല. ആ പെൺകുട്ടിയെയാണ് ആവശ്യം."

ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല. എനിക്കവളുടെ കഥ അറിയണമായിരുന്നു. രണ്ടായിരം രൂപ അവരുടെ കയ്യിൽ വെച്ചുകൊടുത്ത് ബലമായി ഞാനവളെയുമായി പോന്നു. അവർ ഒച്ചപ്പാട് ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് ശാന്തമായി. പോലീസ് ഇടപെട്ടാൽ പ്രശ്നമാകുമെന്ന് കരുതിയാവണം അവർ നിശ്ശബ്ദമായത്. ഞാനവളെ എൻ്റെ ഓട്ടോയിൽ കൊണ്ടുവന്ന് കയറ്റി. നേരേ ഞാൻ താമസിക്കുന്ന മുറിയിലേക്ക് പോയി. ഞാൻ അവളോട് പറഞ്ഞു,

"എനിക്ക് നിന്നെ ആവശ്യമില്ല. പക്ഷേ, നിൻ്റെ കഥയെനിക്ക് വേണം."

അതെന്തിനെന്ന പോലെ അവൾ മിഴികൾ കൂർപ്പിച്ചു. അവസാനം നിർബന്ധത്തിന് വഴങ്ങി അവൾ കഥതുടർന്നു. ആ കഥ ഞാൻ ചുരുക്കി പറയാം.

അന്ന് യുവാവ് അവളുടെ ചാരിത്രം കവർന്നെടുത്തു. ഒരാഴ്ചകഴിഞ്ഞ് അയാൾ ബോംബെയ്ക്ക് മടങ്ങിപ്പോയി. അയാളെപ്പറ്റി യാതൊരു വിവരവും പിന്നീട് ഉണ്ടായില്ല. മാസങ്ങൾ കഴിഞ്ഞപ്പോളാണ് താൻ ഗർഭണിയാണന്ന് അറിയുന്നത്. ആരോടും പറയാൻ നിവർത്തിയില്ല. അങ്ങനെയാണ് സ്കൂളിലെ ആയയോട് പറഞ്ഞത്. ആയ കൂട്ടിത്തന്നതാണ് മാധവിയെന്ന നേതാവിനെ. അവർ ഗർഭച്ചിദ്രം നടത്തി, അവരുടെ കൂട്ടത്തിൽ കൂട്ടി.

ഞാൻ ചോദിച്ചു "നിൻ്റെ വീട്ടുകാർ അന്വേഷിച്ചില്ലേ?"

"അന്വേഷിച്ചു. എനിക്ക് കാര്യം പറയാൻ നിവർത്തിയില്ലായിരുന്നു. അപ്പൻ മദ്യപാനിയാണ്. മദ്യപിച്ചുവന്ന് എന്നെ തല്ലിക്കൊല്ലുമെന്നുള്ളത് ഉറപ്പാണ്. അല്ലെങ്കിതന്നെ വീട്ടിൽ രാത്രിയായാൽ ഒച്ചപ്പാടും ബഹളവുമാണ്. ഒരു നിവർത്തിയുമില്ലാതായപ്പോൾ മാധവിയുടെ കൂടെയിറങ്ങി."

എന്തും വരട്ടേയെന്ന് കരുതി. എൻ്റെ ഷർട്ടും മുണ്ടും ഇടുവിപ്പിച്ച് ആൺ കുട്ടിയാക്കി മൂന്നു ദിവസം എൻ്റെ കൂടെ താമസിപ്പിച്ചു. അതിനിടയിൽ ഗോപാലനെ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു. അവനും ഓട്ടോ ഡ്രൈവറായിരുന്നു. അവന് എന്നേ വിശ്വാസമായിരുന്നു.

ഞാൻ അവനോട് പറഞ്ഞു "അവൾക്ക് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ? എനിക്ക് നിവർത്തിയില്ലാഞ്ഞിട്ടാണ്. ഞാൻ പ്രണയിക്കുന്ന പെണ്ണിനെ വഞ്ചിക്കാനാവില്ല. എന്നാൽ നിനക്കതിന് കഴിയും. നീ ഒറ്റത്തടിയായി എത്രനാളിങ്ങനെ നടക്കും."

അവൻ്റെ കാര്യം ഓക്കെയായെങ്കിലും അവൾ സമ്മതിച്ചില്ല. "എന്നെപ്പോലെയുള്ള സ്ത്രീയെ അയാളെങ്ങനെ സ്വീകരിക്കും."

ഗോപാലൻ പറഞ്ഞു "കഴിഞ്ഞതെല്ലാം ഞാൻ മറക്കാം; എനിക്കൊരു ജീവിതം വേണം. എനിക്ക് ചോദിക്കാനും പറയാനും വേറെയാരുമില്ല. ഇവനല്ലാതെ. ഞാൻ സന്തോഷത്തോടേയാണ് നിന്നെ സ്വീകരിക്കുന്നത്."

പിന്നീട് അവൾ സമ്മതിച്ചു. അവളുടെ പേരാണ് ഷീല. കഴിഞ്ഞ സംഭവങ്ങളെല്ലാം അവൾ അവനോട് ഏറ്റുപറഞ്ഞു. ഇനിയൊരിക്കലും തെറ്റിലേക്ക് പോകില്ലായെന്ന് ആണയിട്ടു. അവൻ നിറഞ്ഞ മനസ്സോടെ അവളുടെ കഴുത്തിൽ താലി കെട്ടി. അവർ ആലപ്പുഴയിലേക്ക് താമസം മാറ്റി.

എല്ലാത്തിനും സാക്ഷിയായി ഞാനും, കുറച്ച് ഓട്ടോ ഡ്രൈവറുമാരും മാത്രം. വർഷങ്ങൾക്ക്  ശേഷം ഞാനവരെ കണ്ടു. എല്ലാമറന്ന് അവർ സുഖമായി ജീവിക്കുന്നു. പ്രായപൂർത്തിയായ രണ്ട് ആൺമക്കളവർക്ക് ഉണ്ട്. അവർ നന്നായി പഠിക്കുന്നു. നല്ലൊരു ജീവിതം അവർക്ക് കൊടുത്ത ദൈവത്തോട് ഞാനിന്ന് നന്ദി പറയുന്നു.