ഒൻ്റാരിയോയിൽ ടിക് ബൈറ്റ് രോഗങ്ങൾ പടരുന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

By: 600110 On: Jul 18, 2026, 10:52 AM

 

കാനഡയിലെ ഒന്‍റാരിയോയിൽ 'ലൈം ഡിസീസ്' ഉൾപ്പെടെയുള്ള ടിക് ബൈറ്റ് രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒന്‍റാരിയോയിൽ 2021-ന് ശേഷം പതിനായിരത്തിലധികം ലൈം ഡിസീസ് കേസുകളും, മുന്നൂറിലധികം അനാപ്ലാസ്മോസിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെള്ളുകൾ പുതിയ പ്രദേശങ്ങളിലേക്ക് പടരുന്നതിനാൽ കൂടുതൽ ആളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്  വ്യക്തമാക്കി.

സീലീസ് ബേ സ്വദേശിയായ പീറ്റർ റെഡ്മാൻ എന്ന വ്യക്തിക്ക് ടിക് ബൈറ്റിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടായത്. മുൻപും പലതവണ ടിക് ബൈറ്റ് ഏറ്റിട്ടുള്ളതിനാൽ പീറ്ററും ഭാര്യ ലോറയും ഇത് ആദ്യം കാര്യമാക്കിയില്ല. എന്നാൽ, കടിയേറ്റ് ദിവസങ്ങൾക്കകം പീറ്ററിന് കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെടുകയും രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയും ചെയ്തു. നടക്കാൻ പോലും ബുദ്ധിമുട്ടിലായ അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കറുത്ത കാലുകളുള്ള ടിക്കുകൾ പരത്തുന്ന 'അനാപ്ലാസ്മോസിസ്' എന്ന ബാക്ടീരിയൽ ബാധയാണ് പീറ്ററിന് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സാധാരണയായി ആൻ്റിബയോട്ടിക്കുകൾ വഴി ഇത് ഭേദമാക്കാമെങ്കിലും, രോഗബാധ ഗുരുതരമായാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

കിങ്സ്റ്റണിലെ ആശുപത്രിയിൽ 10 ദിവസമാണ് പീറ്റർ തീവ്രപരിചരണത്തിൽ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ 28 ആയി കുറയുകയും, ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്തു. എങ്കിലും രോഗമുക്തനായി  വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ടിക് ബൈറ്റിനെ ആരും നിസ്സാരമായി കാണരുത് എന്ന് വ്യക്തമാക്കി. ടിക്കുകൾ വ്യാപകമായ പശ്ചാത്തലത്തിൽ പുല്ലും കാടുമുള്ള പ്രദേശങ്ങളിൽ പോകുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, പുറത്തുപോയി വന്ന ശേഷം ശരീരത്തിൽ ചെള്ളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചെള്ള് കടിച്ചതിന് ശേഷം പനി, വിറയൽ, അമിതമായ ക്ഷീണം, പേശി വേദന അല്ലെങ്കിൽ ചർമ്മത്തിൽ തടിപ്പ് എന്നിവ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.