ഫ്‌ലോറിഡയില്‍ അക്രമിയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഡെപ്യൂട്ടി ഷെറിഫുകള്‍ക്ക് വെടിയേറ്റു

By: 600002 On: Jul 18, 2026, 9:49 AM

 

 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ അക്രമിയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഡെപ്യൂട്ടി ഷെറിഫുകള്‍ക്ക് വെടിയേറ്റു. വ്യാഴാഴ്ച റസ്‌കിനിലെ വെസ്റ്റ് ഷെല്‍ പോയിന്റ് റോഡിലായിരുന്നു സംഭവം.

മുന്‍ കാമുകിയെ ബന്ദിയാക്കിയെന്ന പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് അക്രമി ഡെപ്യൂട്ടിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മുഖത്തും കഴുത്തിലുമായി വെടിയേറ്റ രണ്ട് ഡെപ്യൂട്ടിമാരെയും ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്ന് ഷെറിഫ് അറിയിച്ചു.

മുപ്പത്തിനാലുകാരനായ ക്രിസ് ഡിമുക്കോവ്‌സ്‌കി ആണ് അക്രമി. ഇയാള്‍ സ്ഥലത്തുണ്ടായിരുന്ന മൂന്നാമതൊരു ഡെപ്യൂട്ടി തിരിച്ചു നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇയാള്‍ നേരത്തെയും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അക്രമി അവിടെവെച്ച് തന്നെ കൊല്ലപ്പെട്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്ന് ഹില്‍സ്ബറോ കൗണ്ടി ഷെറിഫ് ചാഡ് ക്രോണിസ്റ്റര്‍ അറിയിച്ചു.

തങ്ങളുടെ ഉദ്യോഗസ്ഥരെ അക്രമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും, ഭാഗ്യവശാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും ഷെറിഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.