പ്രസാദ് തീയാടിക്കല്‍
ജോര്‍ഹട്ട് (അസം): അസമിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷയും ചികിത്സയും നല്‍കിയ അമേരിക്കന്‍ മിഷനറി ഡോക്ടര്‍ ഡോ. കെനത്ത് വി. ഡോഡ്ജ്‌സണ്‍ (100) അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ജോര്‍ഹട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിനെയും (JCMC) അദ്ദേഹം സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.
ഡോ. കെനത്ത് ഡോഡ്ജ്‌സണും ഭാര്യ സാലി ഡോഡ്ജ്‌സണും 1955-ല്‍ American Baptist Foreign Mission Societyയുടെ മിഷനറിമാരായി നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് 1957-ല്‍ അവര്‍ അസമിലെ ജോര്‍ഹട്ടിലെത്തി. അടുത്ത 24 വര്‍ഷക്കാലം, ജോര്‍ഹട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം സമര്‍പ്പിതമായി പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലും സേവനത്തിലും ജെ.സി.എം.സി. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളര്‍ന്നു. തന്റെ സേവനകാലത്ത് 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിര്‍വഹിച്ചതായും നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് സംഭാവന നല്‍കിയതായും ആശുപത്രി അധികൃതര്‍ അനുസ്മരിച്ചു.
1981-ല്‍ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യരംഗത്ത് സേവനം തുടര്‍ന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നല്‍കിയ അസാധാരണ സംഭാവനകളെ തുടര്‍ന്ന് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ഒരു ഡോക്ടര്‍ എന്നതിലുപരി, സ്‌നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്‌നേഹിയായും ഓര്‍മ്മിക്കപ്പെടുന്ന ഡോ. കെനത്ത് വി. ഡോഡ്ജ്‌സന്റെ ജീവിതം അസമിലെ ആരോഗ്യരംഗ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുമെന്ന് സഹപ്രവര്‍ത്തകരും രോഗികളും അനുസ്മരിച്ചു.