കഴിഞ്ഞ വർഷം മാത്രം കാനഡയിലുടനീളമുള്ള കോസ്റ്റ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നായി 36.6 ദശലക്ഷം ഹോട്ട് ഡോഗുകളാണ് വിറ്റുപോയതെന്ന് റിപ്പോർട്ട്! കാനഡയിലെ ആകെ ജനസംഖ്യ 4.15 കോടിയാണെന്നിരിക്കെ, ഈ വമ്പൻ കണക്ക് സോഷ്യൽ മീഡിയയിലാകെ കൌതുകമായിരിക്കുകയാണ്. അടുത്ത വർഷം ഇതിലും വലിയ റെക്കോർഡ് സൃഷ്ടിക്കുമെന്നതടക്കമുള്ള രസകരമായ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വർഷങ്ങളായി കാനഡയിലെ വലിയ സാമ്പത്തിക പ്രതിസന്ധികളിലും വിലക്കയറ്റത്തിലും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് കോസ്റ്റ്കോയുടെ ഈ ഹോട്ട് ഡോഗ് ഓഫർ. വെറും 1.50 ഡോളറിന് വലിയൊരു ഹോട്ട് ഡോഗും കൂടെ റീഫിൽ ചെയ്യാവുന്ന ഒരു സോഫ്റ്റ് ഡ്രിങ്കും അടങ്ങുന്നതാണ് ഈ കോമ്പോ. 1980-കളിൽ നിശ്ചയിച്ച ഈ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. നിലവിലെ കഠിനമായ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ആഹാരങ്ങളിലൊന്നാണിത്.
ഈ വിലകുറഞ്ഞ വിഭവം നിലനിർത്താൻ മുൻകൈ എടുത്ത കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിച്ചാർഡ് ഗാലൻ്റി 2024-ൽ വിരമിച്ചപ്പോൾ വില കൂടുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ കോസ്റ്റ്കോയുടെ വിജയത്തിൻ്റെ പ്രധാന രഹസ്യം ഈ സ്ഥിരതയാണെന്നും സമീപഭാവിയിലൊന്നും ഈ വിലയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ കുറഞ്ഞ നിരക്ക് തുടരുകയാണെങ്കിൽ, 2026-ൽ വിൽപന 4 കോടി കടക്കുമെന്നാണ് വിലയിരുത്തലുകൾ.