യോർക്ക് മേഖലയിലെ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം കണ്ടെത്തി

By: 600110 On: Jul 17, 2026, 2:15 PM

 

 



കാനഡയിലെ യോർക്ക് മേഖലയിലെ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചു. മാർഖമിലെ രണ്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച കൊതുക് കെണികളിൽ  നിന്നാണ് വൈറസ് ബാധിച്ച കൊതുകുകളെ പൊതുജനാരോഗ്യ വിഭാഗം കണ്ടെത്തിയത്. വാർഡൻ അവന്യൂ - ഹൈവേ 7 ഈസ്റ്റ്, കെന്നഡി റോഡ് - 16-ാം അവന്യൂ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഈ കൊതുകുകളെ പിടികൂടിയത്.

വൈറസ് ബാധിച്ച കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. കൊതുകുകടിയേറ്റ് രണ്ട് മുതൽ 15 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, ശരീരവേദന, ചർമ്മത്തിൽ തിണർപ്പ്, നീരുവെച്ച ലിംഫ് ഗ്രന്ഥികൾ എന്നിവയാണ് രോഗലക്ഷണം. അതിനാൽ കൊതുകുകടി ഏല്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് യോർക്ക് റീജിയൻ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നല്കി. അതിനായി വീട്ടുപരിസരം വൃത്തിയായി സൂക്ഷിച്ച് കൊതുകുകൾ വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. പക്ഷികൾക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങൾ, ചെടിച്ചട്ടികൾ, സ്വിമ്മിംഗ് പൂൾ കവറുകൾ, അടഞ്ഞുപോയ ഓവുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക. ജനൽ സ്ക്രീനുകളിൽ കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

പുറത്തിറങ്ങുമ്പോൾ ശരീരം നന്നായി മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങളും നീളമുള്ള പാൻ്റും ധരിക്കുക. കൊതുകുകളെ അകറ്റാൻ 'DEET' അല്ലെങ്കിൽ 'Icaridin' അടങ്ങിയ മോസ്കിറ്റോ റിപ്പല്ലൻ്റുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.