കാൽഗറിയിലെ സ്റ്റോണി ട്രെയിലിൽ മദ്യപിച്ചും മൊബൈലിൽ വീഡിയോ കണ്ടും അമിതവേഗതയിൽ വാഹനമോടിച്ചയാൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. മണിക്കൂറിൽ 100 കിലോമീറ്റർ മാത്രം വേഗത അനുവദനീയമായ റോഡിൽ 191 കിലോമീറ്റർ വേഗതയിലാണ് ഇയാൾ കാറോടിച്ചത്.
വണ്ടിയോടിക്കുന്നതിനിടയിൽ ഇയാൾ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നുമുണ്ടായിരുന്നു. റോഡരികിൽ വച്ച് പോലീസ് നടത്തിയ നിർബന്ധിത ആൽക്കഹോൾ പരിശോധനയിൽ ഇയാൾ പരാജയപ്പെട്ടു. നിയമലംഘനം അതീവ ഗുരുതരമായതിനാൽ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നു. ഡ്രൈവിംഗ് ലൈസൻസ് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ വാഹനം 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുത്തു. വണ്ടിയോടിക്കുമ്പോൾ ഫോണിൽ വീഡിയോ കണ്ടതിന് 300 ഡോളർ പിഴ ചുമത്തി.
അമിതവേഗതയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കോടതിയിൽ ഹാജരാകാൻ ഇയാൾക്ക് സമൻസ് അയച്ചിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ വലിയ തുക പിഴയായി ഇയാൾ ഒടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.