ഹെയിൽ സ്റ്റോമിനെക്കുറിച്ച് പഠിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്കാ കാൽഗറി നഗരമെന്ന് ഗവേഷകർ. ഒരു വശത്ത് പർവതങ്ങളും മറു വശത്ത് പുൽമേടുകളുമുള്ള കാൽഗറിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇതിന് പ്രധാന കാരണം. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ 'നോർത്തേൺ ഹെയിൽ പ്രൊജക്റ്റ്' ഡയറക്ടറായ ജൂലിയൻ ബ്രൈമലോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുൽമേടുകളിലെ കൃഷിയിടങ്ങളിൽ നിന്നുള്ള ഈർപ്പം പർവതങ്ങളിൽ തട്ടി മുകളിലേക്ക് ഉയരുന്നു. അന്തരീക്ഷത്തിലെ ശക്തമായ കാറ്റ് ഈ ഈർപ്പത്തെ വലിയ ഹെയിൽ സ്റ്റോമുകളാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് മൂലം കാനഡയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്ന ഹെയിൽ സ്റ്റോമുകൾ ഉണ്ടാകുന്നത് ഇവിടെയാണ്. 2024 ഓഗസ്റ്റിൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ മാത്രം ഇവിടെ 2.8 ബില്യൺ ഡോളറിൻ്റെ (ഏകദേശം 23,000 കോടിയിലധികം രൂപ) നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രകൃതിദുരന്തമായിരുന്നു ഇത്.
ഹെയിൽ സ്റ്റോമിനെക്കുറിച്ച് പഠിക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള 'ഹെയിൽ സ്വാത്ത്' എന്ന പ്രത്യേക വാഹനം ഉപയോഗിച്ച് ഗവേഷകർ കൊടുങ്കാറ്റുകളെ പിന്തുടരുന്നുണ്ട്. ഇതിനൊപ്പം ഇത്തവണ ചില പുതിയ സാങ്കേതികവിദ്യകളും പരീക്ഷിക്കുന്ന തിരക്കിലാണ് ഇവർ. ആലിപ്പഴങ്ങളുടെ വലിപ്പവും അവയുടെ ആഘാതവും അളക്കാനുള്ള പ്രത്യേക സെൻസറുകളും ഉപയോഗിക്കുന്നുണ്ട്.
നിലവിലുള്ള വെതർ റഡാറുകൾക്ക് ഹെയിൽ സ്റ്റോം ഉണ്ടാകുമോ എന്ന് കണ്ടെത്താമെങ്കിലും, അവയുടെ വലിപ്പമോ അളവോ കൃത്യമായി പ്രവചിക്കാൻ കഴിയില്ല. കൂടുതൽ പഠനത്തിലൂടെ ഭാവിയിൽ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനും, ആലിപ്പഴ വീഴ്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിട നിർമാണ സാമഗ്രികൾ വികസിപ്പിച്ചെടുക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.