പോലീസിൻ്റെ പേരിൽ വ്യാജ കത്തുകൾ അയച്ച് ജനങ്ങളെ ഭയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെസ്റ്റ് ഷോർ മേഖലയിലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് കത്തുകൾ വ്യാപകമായി പ്രചരിക്കുന്നത്. ആർ.സി.എം.പിയുടെ നാഷണൽ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ ലോഗോയും പേരും ദുരുപയോഗം ചെയ്താണ് ഈ വ്യാജ കത്തുകൾ തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നതുപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് കത്തുകൾ അയക്കുന്നത്. നിശ്ചിത പിഴ തുക 24 മണിക്കൂറിനകം അടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. ഇത് തികച്ചും വ്യാജമാണെന്നും കനേഡിയൻ പോലീസ് ഒരിക്കലും ഈ രീതിയിലല്ല കുറ്റാന്വേഷണം നടത്തുന്നതെന്നും വെസ്റ്റ് ഷോർ ആർ.സി.എം.പി മാധ്യമവിഭാഗം ഉദ്യോഗസ്ഥ വ്യക്തമാക്കി. ഭയവും അടിയന്തര സാഹചര്യവും സൃഷ്ടിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ഈ മാഫിയയുടെ ലക്ഷ്യം. ഇത്തരം കത്തുകളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങളോ പണമോ കൈമാറരുതെന്നും കനേഡിയൻ പോലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.