കാനഡയിലെ കാട്ടുതീപ്പുക: കടുത്ത പ്രതിഷേധവുമായി യുഎസ് റിപ്പബ്ലിക്കൻ പ്രതിനിധികൾ; ഉപരോധ ഭീഷണിയും

By: 600110 On: Jul 17, 2026, 1:39 PM

 

കാനഡയിൽ പടർന്നുപിടിക്കുന്ന ശക്തമായ കാട്ടുതീയെത്തുടർന്ന് വടക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ കനത്ത വായുമലിനീകരണവും പുകയും വ്യാപിക്കുന്നതിൽ കാനഡ സർക്കാരിനെതിരെ കടുത്ത അമർഷവുമായി യുഎസ് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ. വനസംരക്ഷണം നടത്തുന്നതിലും മുൻകൂട്ടി കാട്ടുതീ തടയുന്നതിലും കാനഡയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷ്‌ക്രിയത്വമാണ് യുഎസിലെ വായുനിലവാരം തകരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി മിഷിഗണിൽ നിന്നുള്ള നാല് ഹൗസ് പ്രതിനിധികൾ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തെഴുതി. തങ്ങളുടെ കുട്ടികളും മുതിർന്ന പൗരന്മാരും കാനഡയുടെ വീഴ്ചയുടെ ഫലം അനുഭവിക്കുകയാണെന്നും കനേഡിയൻ ഭരണകൂടത്തിൻ്റെ പരാജയത്തിന് അമേരിക്കൻ ജനത വിലനൽകേണ്ടതില്ലെന്നും കത്തിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നു.

ഒൻ്റാരിയോ ഉൾപ്പെടെയുള്ള കനേഡിയൻ പ്രവിശ്യകളിൽ എണ്ണൂറിലധികം സ്ഥലങ്ങളെ കാട്ടുതീ ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള കനത്ത പുക മിനസോട്ട മുതൽ മേരിലാൻഡ് വരെയുള്ള അതിർത്തി സംസ്ഥാനങ്ങളിലെ വായുനിലവാരം അതീവ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കാനഡ മുൻകൈ എടുക്കാത്തപക്ഷം അതിർത്തി കടന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾ നേരിട്ട് ഏറ്റെടുക്കുമെന്നും യുഎസ് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, വീഴ്ചവരുത്തിയ കനേഡിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ അടുത്ത ആഴ്ച സെനറ്റിൽ അവതരിപ്പിക്കുമെന്ന് ഒഹായോയിൽ നിന്നുള്ള സെനറ്റർ ബെർണി മൊറേനോയും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ യുഎസ് ജനപ്രതിനിധികളുടെ വിമർശനങ്ങളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തള്ളിക്കളഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാനഡയുടെ മാത്രം പ്രശ്നമല്ലെന്നും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പരിസ്ഥിതി സൗഹൃദ ഊർജ്ജ പദ്ധതികൾക്ക് യുഎസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അതേസമയം, കാട്ടുതീ ഇരുരാജ്യങ്ങളും ഒന്നിച്ച് നേരിടേണ്ട ഒരു പൊതു വെല്ലുവിളിയാണെന്നും വിവരങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട് മികച്ച രീതിയിലാണ് ഇരു സർക്കാരുകളും സഹകരിക്കുന്നതെന്നും യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര പ്രതികരിച്ചു.