കാട്ടുതീ: അടിയന്തര രക്ഷാപ്രവർത്തനത്തിന് കനേഡിയൻ സൈന്യത്തിൻ്റെ സഹായം തേടി   ഒൻ്റാരിയോ

By: 600110 On: Jul 17, 2026, 1:34 PM

ഒൻ്റാരിയോയുടെ വടക്കൻ മേഖലകളിൽ കാട്ടുതീ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രവിശ്യാ സർക്കാർ ഫെഡറൽ ഭരണകൂടത്തിൻ്റെ സഹായം തേടി. വടക്കൻ മേഖലകളിൽ നിന്നുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കനേഡിയൻ സായുധ സേനയെ വിന്യസിക്കണമെന്ന് ഒരിയോയോ ദുരന്തനിവാരണ മന്ത്രി ജിൽ ഡൺലപ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആംസ്ട്രോങ്, വൈറ്റ്‌സാൻഡ് ഫസ്റ്റ് നേഷൻ, കോളിൻസ് ഫസ്റ്റ് നേഷൻ ഉൾപ്പെടെയുള്ള നിരവധി വടക്കൻ ജനവാസ മേഖലകളിൽ ഇതിനോടകം തന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  

കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ഒരിയോയോ ചരിത്രത്തിലെ ഏറ്റവും കടുത്ത കാട്ടുതീ ഭീഷണിയാണ് ഇത്തവണ നേരിടുന്നത്. ഈ വർഷം ഇതുവരെ പ്രവിശ്യയിൽ 482-ലധികം കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൻതോതിൽ പടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ പ്രവിശ്യയിലെ അഗ്നിശമന സേനാംഗങ്ങൾക്ക് പുറമെ അയൽപ്രവിശ്യയായ ആൽബർട്ടയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘങ്ങളും പ്രത്യേക വിമാനങ്ങളും ഒന്റാറിയോയിൽ എത്തിയിട്ടുണ്ട്. എന്നാൽ ദക്ഷിണ ഒരിയോയോ മേഖലകളിലേക്ക് വരെ പടരുന്ന കനത്ത പുക വായുമലിനീകരണത്തിന് ഇടയാക്കുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

അതേസമയം, പ്രകൃതിദുരന്തങ്ങളെ നേരിടാൻ ഒൻ്റാരിയോയിലെ ഡഗ് ഫോർഡ് സർക്കാർ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻവർഷങ്ങളിൽ കാട്ടുതീ പ്രതിരോധത്തിനായി യഥാർത്ഥത്തിൽ ചിലവഴിച്ച തുകയേക്കാൾ കുറഞ്ഞ ബജറ്റ് വിഹിതമാണ്  ഇത്തവണ സർക്കാർ മാറ്റിവെച്ചിരിക്കുന്നത് എന്ന് കനേഡിയൻ എൻ.ഡി.പി അംഗമായ ലൈസ് വോഗോയിസ് കുറ്റപ്പെടുത്തി. എന്നാൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടിൻ്റെ കുറവ് ഉണ്ടാകില്ലെന്നും ആവശ്യമെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ചതിലും കൂടുതൽ തുക ചിലവഴിക്കുമെന്നും പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.