പ്രസാദ് തീയാടിക്കല്‍
ലണ്ടന്‍: ബ്രിട്ടനിലെ ലണ്ടനില്‍ 24-കാരിയായ ഇന്ത്യന്‍ യുവതി കിരണ്‍ദീപ് കൗര്‍ സ്വന്തം വീട്ടില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പശ്ചിമ ലണ്ടനിലെ ഹെയ്സ് (Hayes) പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഉറങ്ങിക്കിടന്നിരുന്ന കിരണ്‍ദീപ് കൗറിനെ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ യുവതിയുടെ ഇരുപതുകളിലുള്ള ഭര്‍ത്താവിനും കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. വീടിന് പുറത്താണ് അദ്ദേഹത്തെ പരിക്കുകളോടെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദമ്പതികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയെക്കുറിച്ചും അധികൃതര്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 44-കാരനായ ഡാനിയല്‍ ഷോണ്‍ ജെയിംസ് (Daniel Sean James) എന്നയാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മൂര്‍ച്ചയുള്ള ആയുധം കൈവശം വച്ചത് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേസമയം, കിരണ്‍ദീപ് കൗറിന്റെ കുടുംബം ഇത് വര്‍ഗീയ വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ആക്രമണമാണെന്ന് ആരോപിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഇത് വിദ്വേഷക്കുറ്റകൃത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.