പ്രസാദ് തീയാടിക്കല്‍
ടൊറന്റോ: വടക്കന്‍ ഒന്റാറിയോയില്‍ ആളിപ്പടരുന്ന കാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറന്റോ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വായു ഗുണനിലവാരം അതീവ അപകടനിലയിലെത്തിയതായി അധികൃതര്‍ അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ-ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കില്‍ എന്‍95 മാസ്‌ക് ധരിക്കാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചുവെക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
ഒന്റാറിയോ, മാനിറ്റോബ, സസ്‌കാച്ചെവാന്‍ എന്നിവിടങ്ങളിലെ നിരവധി കാട്ടുതീകള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പുക അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ അവിടെയും വായു ഗുണനിലവാര മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.