400 മില്യണ്‍ ഡോളറിന്റെ കനത്ത പ്രഹരം; ഫ്രിസ്‌കോയിലെ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കെതിരെ ജൂറിയുടെ വിധി

By: 600002 On: Jul 17, 2026, 9:52 AM



 

പ്രസാദ് തീയാടിക്കല്‍

ടെക്‌സസ്: ഫ്രിസ്‌കോ ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജരായ സംരംഭകരായ ഗോപാല കൃഷ്ണന്‍ (Gopala Krishnan), ശക്തിവേല്‍ പളനി ഗൗണ്ടര്‍ (Sakthivel Palani Gounder) എന്നിവര്‍ക്ക് തട്ടിപ്പും കരാര്‍ലംഘനവും നടത്തിയെന്ന കേസില്‍ 400 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ ടെക്‌സസിലെ വില്യംസണ്‍ കൗണ്ടി ജൂറി വിധിച്ചു.

ജോര്‍ജ്ടൗണ്‍ ആസ്ഥാനമായ എനര്‍ജി കമ്മീഷനിംഗ് ഇന്‍കോര്‍പ്പറേറ്റഡ് (Energy Commissioning Inc.) എന്ന സ്ഥാപനവും അതിന്റെ ഉടമയായ മാര്‍ഷല്‍ ഹുസൈന്‍ (Marshall Hussain) ഉം നല്‍കിയ സിവില്‍ കേസിലാണ് ഈ നിര്‍ണായക വിധി.

സാന്‍ ഗബ്രിയേല്‍ നദീതീരത്ത് വികസിപ്പിക്കാനിരുന്ന ''ദി ഡിസ്ട്രിക്ട്'' (The District) എന്ന ആഡംബര വാട്ടര്‍ഫ്രണ്ട് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക പ്രതികള്‍ നല്‍കിയില്ലെന്നും, ഇതിലൂടെ സ്ഥാപനത്തിന് ഗുരുതര സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചു.

ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി തന്റെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നഷ്ടമായതായി മാര്‍ഷല്‍ ഹുസൈന്‍ കോടതിയില്‍ അറിയിച്ചു. തെളിവുകള്‍ പരിശോധിച്ച ജൂറി പരാതിക്കാരന്റെ വാദം അംഗീകരിച്ച് 400 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ ഏകദേശം 300 മില്യണ്‍ ഡോളര്‍ ശിക്ഷാനഷ്ടപരിഹാരമായും (Punitive Damages) ഉള്‍പ്പെടുന്നു.

ഇവര്‍ തന്നെ 2023-ല്‍ യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (SEC) നിക്ഷേപകരെ വഞ്ചിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടിരുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വിധി സിവില്‍ കേസിലേതാണ്. അതിനാല്‍ ഇത് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കോടതി ഉത്തരവാണ്; ക്രിമിനല്‍ ശിക്ഷയല്ല.