റിപ്പോർട്ട് : ബിൻസ് മണ്ഡപം
ടൊറന്റോ: മിസ്സിസ്സാഗ സെന്റ് അല്‍ഫോന്‍സാ സീറോ-മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ജൂലൈ 17 മുതല്‍ 26 വരെ ഭക്തിനിര്‍ഭരമായ ആത്മീയ ശുശ്രൂഷകളും വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിപുലമായി ആഘോഷിക്കുന്നു. തിരുനാളിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുനാള്‍ കമ്മിറ്റി അറിയിച്ചു.
ജൂലൈ 17 (വെള്ളി) വൈകുന്നേരം ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും പൂര്‍വ്വികരുടെ ഓര്‍മ്മയും നടക്കും. ജൂലൈ 17 മുതല്‍ 24 വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രത്യേക നിയോഗങ്ങളോടെ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.
ജൂലൈ 19 (ഞായര്‍) 8:30-ന്റെ വി. കുര്‍ബാനയ്ക്ക് ശേഷം മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതുമാണ്. അന്നേ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മിസ്സിസ്സാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യകാര്‍മികനാകും.
ജൂലൈ 24, 25, 26 ദിവസങ്ങള്‍ പ്രധാന തിരുനാള്‍ ദിനങ്ങളായി ആഘോഷിക്കുന്നു. ജൂലൈ 24 ദിവ്യകാരുണ്യ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. സ്‌കാര്‍ബറോ സെന്റ് തോമസ് തീര്‍ത്ഥാടന ദേവാലയ വികാരി ഫാ. ജോജോ ചങ്ങനാത്തുണ്ടത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നു.
ജൂലൈ 25 (ശനി) കുടുംബദിനമായി ആചരിക്കും. വൈകുന്നേരം 5.00-ന് വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് നൂറോളം കലാകാരികള്‍ അണിനിരക്കുന്ന മെഗാ മാര്‍ഗംകളി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ജൂലൈ 26-ന് (ഞായര്‍) തിരുനാളിന്റെ പ്രധാന ആഘോഷങ്ങള്‍ നടക്കും. തലശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നു. തുടര്‍ന്ന് ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം പ്രാപിക്കുവാനും തിരുനാളിന്റെ ആത്മീയ അനുഗ്രഹങ്ങളില്‍ പങ്കുചേരുവാനും എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍, സഹവികാരി ഫാ. ആന്റണി ഔസേഫ് (ജസ്റ്റിന്‍) എന്നിവര്‍ സ്‌നേഹപൂര്‍വം ക്ഷണിച്ചു.
ഇടവക ട്രസ്റ്റിമാരായ സണ്ണി കയ്യാനിയില്‍, ജോക്‌സ് ജോസഫ്, സോഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ സെബിന്‍ സെബാസ്റ്റ്യന്‍, പാരിഷ് കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തിലും വിവിധ കമ്മിറ്റികളുടെ സഹകരണത്തോടെയും തിരുനാളിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം പ്രാപിക്കുന്നതിനും തിനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.