കാട്ടുതീ പടരുന്നു: ടൊറൻ്റോയിൽ വായുമലിനീകരണം ലോകത്തിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ

By: 600110 On: Jul 16, 2026, 1:24 PM

 

കാനഡയിലെ വടക്കൻ ഒന്റാറിയോ മേഖലയിൽ ആളിപ്പടരുന്ന കാട്ടുതീയെ തുടർന്ന് കടുത്ത വായുമലിനീകരണത്തിൽ ശ്വാസം മുട്ടി ടൊറൻ്റോ നഗരം. പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ നഗരത്തിലെ വായുനിലവാരം അതീവ ഗുരുതരമായ നിലയിലായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സ്വിസ് സാങ്കേതിക കമ്പനിയായ 'ഐക്യു എയറിൻ്റെ' കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും മോശം വായുനിലവാരമുള്ള പ്രധാന നഗരമായി ടൊറൻ്റോ മാറിയിരിക്കുകയാണ്. അന്തരീക്ഷത്തിൽ പുക നിറഞ്ഞതോടെ നഗരവാസികൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധം കടുത്ത ശ്വാസതടസ്സവും ആരോഗ്യപ്രശ്നങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ വായുനിലവാര സൂചിക  ഏറ്റവും അപകടകരമായ '10+' എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ  ഒൻ്റാരിയോയിൽ നൂറിലധികം സജീവ കാട്ടുതീ ബാധിത മേഖലകളാണുള്ളത്, ഇതിൽ പലതും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. ഇവിടെനിന്നുള്ള പുകപടലങ്ങൾ കാറ്റിൽ പറന്ന് ടൊറൻ്റോയ്ക്ക് പുറമെ അയൽരാജ്യമായ അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞിന് സമാനമായി പുക നിറഞ്ഞതിനെ തുടർന്ന് ടൊറൻ്റോയിൽ നടത്താനിരുന്ന പ്രധാന പൊതുപരിപാടികളും കായിക മേളകളും അധികൃതർ റദ്ദാക്കി.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും കുട്ടികളും അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിലെ പുകപടലങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വ്യക്തികൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്ന് ഒട്ടാവയിലെ പ്രശസ്ത ആരോഗ്യ വിദഗ്ദ്ധനായ ഡോ. യോനി ഫ്രീഡ്‌ഹോഫ് വ്യക്തമാക്കി. ഒരാൾ എത്രത്തോളം സമയം ഈ മലിനവായു ശ്വസിക്കുന്നു എന്നതിനെയും ശ്വസിക്കുന്ന വ്യക്തിയുടെ ശാരീരിക അവസ്ഥയെയും ആശ്രയിച്ചാണ് ഇതിൻ്റെ ദൂഷ്യഫലങ്ങൾ പ്രകടമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.