കാനഡയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കൗമാരക്കാരന് അഞ്ച് വർഷത്തെ തടവുശിക്ഷ

By: 600110 On: Jul 16, 2026, 1:17 PM

 

കാനഡയിലെ പിക്കറിംഗിൽ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് കോടതി അഞ്ച് വർഷത്തെ കസ്റ്റഡി ശിക്ഷ വിധിച്ചു. എൺപത്തിമൂന്നുകാരിയായ എലീനർ ഡോണിയെ സ്വന്തം വീടിന് മുന്നിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പതിനാലുകാരനായ പ്രതിക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്. First-degree murder ആണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 

യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ പത്ത് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിൽ ആറ് വർഷം കസ്റ്റഡിയിലും നാല് വർഷം കമ്മ്യൂണിറ്റി നിരീക്ഷണത്തിലുമാണ് കഴിയേണ്ടിയിരുന്നത്. എന്നാൽ വിചാരണയ്ക്ക് മുൻപുള്ള തടവുകാലം പരിഗണിച്ച് കോടതി പ്രതിക്ക് ഒരു വർഷത്തെ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് ശിക്ഷ അഞ്ച് വർഷത്തെ തടവായി ചുരുങ്ങിയത്. പ്രായപൂർത്തിയാകാത്ത ആളായതിനാൽ കനേഡിയൻ നിയമപ്രകാരം പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വിഷാദരോഗവും മറ്റ് മാനസിക വെല്ലുവിളികളും നേരിടുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ 'ഇൻ്റൻസീവ് റീഹാബിലിറ്റേറ്റീവ് കസ്റ്റഡി ആൻഡ് സൂപ്പർവിഷൻ' (IRCS) പ്രകാരമായിരിക്കും പ്രതി ഇനി ശിക്ഷ അനുഭവിക്കുക. കൊലപാതകത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ തനിക്ക് മറ്റുള്ളവരെ വധിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രതി മനഃശാസ്ത്രജ്ഞനോട് വെളിപ്പെടുത്തിയതായി കേസിൻ്റെ വാദത്തിനിടയിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട വൃദ്ധയുടെ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് വിധിയോട് പ്രതികരിച്ചത്.