കാനഡയിലെ നോർത്ത് എഡ്മൻ്റണിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടർന്നുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശികളായ സുരീന്ദർജിത് കൗർ ഭണ്ഡാൽ (82), ഭർത്താവ് മേജർ സിംഗ് ഭണ്ഡാൽ (85) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി 9:15ഓടെ 132 അവന്യൂവിലെ 82 സ്ട്രീറ്റിലും സ്ഥിതി ചെയ്യുന്ന റസിഡൻഷ്യൽ-കൊമേഴ്സ്യൽ കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്ന് വൻ സ്ഫോടനത്തോടെ തീ പടരുകയായിരുന്നുവെന്ന് എഡ്മൻ്റൺ പോലീസ് അറിയിച്ചു.
തീപിടുത്തത്തെത്തുടർന്ന് രക്ഷപ്പെടാനായി അപ്പാർട്ട്മെൻ്റിൻ്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ മേജർ സിംഗ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഭാര്യ സുരീന്ദർജിതിൻ്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതിലധികം വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഇവർ കഴിഞ്ഞ 25 വർഷമായി ഈ അപ്പാർട്ട്മെന്റിലായിരുന്നു താമസം. എഡ്മൻ്റണിലെ സിഖ് സമൂഹത്തിൽ ഏറെ സജീവമായിരുന്ന ദമ്പതികൾ.
അപകടത്തിൽ പരിക്കേറ്റ ആറ് താമസക്കാരെയും വാഹനം ഓടിച്ചിരുന്ന 62-കാരനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 സ്യൂട്ടുകളുള്ള സമുച്ചയത്തിൽ 35 പേരാണ് താമസിച്ചിരുന്നത്. ഭവനരഹിതരായ ഇവർക്ക് കനേഡിയൻ റെഡ് ക്രോസ് നിലവിൽ സഹായം നൽകിവരുന്നുണ്ട്. വൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, മരിച്ച ദമ്പതികളുടെ ഓർമ്മയ്ക്കായി സെൻ്റ് ആൽബർട്ട് ട്രെയിലിലെ ഗുരുദ്വാരയിൽ സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്താനാണ് ഇവരുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.