ശമ്പളം ബാങ്ക് അക്കൗണ്ടിൽ എത്തുന്നതിന് മുൻപ് തന്നെ അത് പല വഴിക്കായി തീർന്നുപോകുന്ന അവസ്ഥയിലാണ് ഭൂരിഭാഗം കാനഡക്കാരും എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജനങ്ങൾ തങ്ങളുടെ ആഡംബരങ്ങളും വിനോദങ്ങളും വെട്ടിക്കുറച്ച് ജീവിതച്ചെലവ് ചുരുക്കുകയാണെന്ന് 'എം.എൻ.പി കൺസ്യൂമർ ഡെറ്റ് ഇൻഡക്സ്' പുറത്തുവിട്ട പുതിയ റിപ്പോർട്ട് പറയുന്നു.. ഇതിനെ 'ലൈഫ്സ്റ്റൈൽ ഷ്രിങ്ക്ഫ്ലേഷൻ' (Lifestyle Shrinkflation) എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്.
61 ശതമാനം ആളുകൾക്കും തങ്ങളുടെ ശമ്പളത്തിൻ്റെ പകുതിയിലധികവും കൈയിൽ കിട്ടുന്നതിന് മുൻപ് തന്നെ ബില്ലുകൾക്കും കടങ്ങൾക്കുമായി മാറ്റിവെക്കേണ്ടി വരുന്നു. 16 ശതമാനം ആളുകളുടെ സ്ഥിതി കൂടുതൽ ദയനീയമാണ്. ഇവരുടെ ശമ്പളം മുഴുവനായും കടം വീട്ടാൻ പോലും തികയാത്ത അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം 57 ശതമാനം ആളുകൾ യാത്രകളും, 56 ശതമാനം ആളുകൾ ഹോട്ടൽ ഭക്ഷണവും, 40 ശതമാനം ആളുകൾ സിനിമ, കൺസേർട്ടുകൾ തുടങ്ങിയ വിനോദപരിപാടികളും വെട്ടിച്ചുരുക്കി.
പണമില്ലാത്തത് കാരണം സമ്മാനങ്ങൾ നൽകുന്നതും (28%), സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് സൽക്കരിക്കാൻ ക്ഷണിക്കുന്നതും (21%) ആളുകൾ കുറച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധനങ്ങൾ വാങ്ങി പിന്നീട് പണം അടയ്ക്കുന്ന 'ബൈ നൗ പേ ലേറ്റർ' സേവനങ്ങൾ ഉപയോഗിക്കുന്നത് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി (109% വർദ്ധനവ്) വർദ്ധിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും വേഗത്തിൽ ഉയരുന്നതാണ് ഇതിന് കാരണം.
പ്രതിസന്ധി ഘട്ടങ്ങളിൽ പണം ലാഭിക്കാൻ സാമ്പത്തിക വിദഗ്ദ്ധർ ചില ലളിതമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് പകരം സ്വന്തം രാജ്യത്തിനകത്ത് തന്നെ യാത്രകൾ ചെയ്യുകയോ അല്ലെങ്കിൽ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന 'സ്റ്റേക്കേഷൻ' രീതികൾ പരീക്ഷിക്കുകയോ ചെയ്യാം. ഉപയോഗിക്കാതെ കിടക്കുന്ന ഒടിടി (streaming) പ്ലാറ്റ്‌ഫോമുകളുടെ ഓട്ടോമാറ്റിക് പണമിടപാടുകൾ ഒഴിവാക്കുക. ജനങ്ങൾ തങ്ങളുടെ ആഡംബരങ്ങൾ കുറയ്ക്കുന്നത് ആശങ്കാജനകമായി തോന്നാമെങ്കിലും, പ്രതിസന്ധികളെ നേരിടാൻ അവർ കൂടുതൽ വിവേകത്തോടെ പണം കൈകാര്യം ചെയ്യാൻ പഠിച്ചു എന്നതിൻ്റെ തെളിവ് കൂടിയാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.