കാട്ടുതീയെ തുടർന്നുള്ള പുക മൂലം ടൊറൻ്റോയിൽ വായുനിലവാരം മോശമായി, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

By: 600110 On: Jul 16, 2026, 12:57 PM

 

 

വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലുണ്ടായ കാട്ടുതീയെത്തുടർന്ന് ടൊറൻ്റോ ഉൾപ്പെടെയുള്ള തെക്കൻ ഒൻ്റാരിയോ മേഖലകളിൽ വായുനിലവാരം വൻതോതിൽ മോശമായതായി റിപ്പോർട്ട്. പുകമഞ്ഞ് കനത്തതോടെ അന്തരീക്ഷ മലിനീകരണത്തിൽ ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ ടൊറൻ്റോ മുൻപന്തിയിലെത്തി. നിലവിൽ നഗരത്തിൽ 'ഓറഞ്ച്' ലെവൽ വായുനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

മൂന്ന് ദിവസം നീണ്ടുനിന്ന കടുത്ത ഉഷ്ണതരംഗത്തിന് തൊട്ടുപിന്നാലെയാണ് പുകമഞ്ഞ് നഗരത്തെ വിഴുങ്ങിയത്. വായുനിലവാരം മോശമായത് പ്രായഭേദമന്യേ എല്ലാവരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. പുറംവേദികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കാനോ മാറ്റിവെക്കാനോ അധികൃതർ നിർദ്ദേശിച്ചു. ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനങ്ങൾ, ഔട്ട്ഡോർ പൂളുകൾ, ക്യാമ്പുകൾ എന്നിവ താൽക്കാലികമായി റദ്ദാക്കി.

കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥതകൾ, തലവേദന, നെഞ്ചുവേദന, കടുത്ത ചുമ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാനും വിദഗ്ധർ നിർദ്ദേശിച്ചു. പുകയിൽ നിന്നും ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാനായി മേയർ ഒലിവിയ ചൗവിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ ആറോളം 'ക്ലീനർ എയർ സ്പേസുകളും'  500-ലധികം കൂളിംഗ് സെൻ്ററുകളും തുറന്നിട്ടുണ്ട്.

ആഴ്ചാവസാനത്തോടെ കാറ്റിൻ്റെ ദിശ മാറുന്നതോടെ വായുനിലവാരം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്. അതുവരെ അതീവ ജാഗ്രത തുടരാൻ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.