കാനഡയിൽ മധ്യവയസ്കരും പ്രായമായവരുമായ ലക്ഷക്കണക്കിന് ആളുകൾ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ചികിത്സയും യഥാസമയം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്ത് പ്രായമേറിയവരുടെ ജനസംഖ്യ വർധിക്കുന്നതും ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തതുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക പരിചരണം നൽകാൻ ഫാമിലി ഡോക്ടർമാരില്ലാത്തതും, രോഗികളുടെ മുൻഗണന നിശ്ചയിക്കാനുള്ള കൃത്യമായ സംവിധാനങ്ങളുടെ കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
45 വയസ്സും അതിനുമുകളിൽ പ്രായമുള്ളതുമായ 45 ലക്ഷത്തോളം ആളുകൾക്ക് വിദഗ്ധ ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇവർക്ക് പലപ്പോഴും അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ പോലുമാകുന്നില്ല. ഏകദേശം 29 ലക്ഷം ആളുകൾക്ക് പുതിയ ശാരീരിക-മാനസിക രോഗങ്ങൾക്കോ പരിക്കുകൾക്കോ യഥാസമയം ചികിത്സ ലഭിക്കുന്നില്ല. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ മാത്രം 12 ലക്ഷത്തോളം പേരാണ് വിദഗ്ധ ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇവിടെ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായി.
ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിന് പുറമെ, നിലവിലുള്ള പഴയ റഫറൽ സംവിധാനങ്ങളും ചികിത്സ വൈകാൻ കാരണമാകുന്നുണ്ട്. ഡോക്ടർമാർ ഫാമിലി ഗൈഡൻസ് വഴി സ്പെഷ്യലിസ്റ്റുകളിലേക്ക് അയക്കുന്ന റഫറലുകളിൽ 10 ശതമാനവും സാങ്കേതിക വിദ്യകളുടെ തകരാർ മൂലം എത്താറില്ല. കൂടാതെ, തെറ്റായ ഫോമുകൾ കാരണമോ തെറ്റായ ഡോക്ടർമാരിലേക്ക് എത്തുന്നതു വഴിയോ 33 ശതമാനം റഫറലുകളും ഉദ്ദേശിച്ച് ഫലം ഉണ്ടാക്കുന്നില്ല. ജനസംഖ്യ അതിവേഗം വർധിക്കുന്നതിനനുസരിച്ച് ആരോഗ്യരംഗത്തെ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കാത്തതാണ് കാനഡ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.